കൊടുവള്ളി∙ ഉപജില്ലാ കലോത്സവത്തിന് എത്തുന്ന വിദ്യാർഥി പ്രതിഭകളെ സ്വാഗതം ചെയ്ത്, ചോദ്യക്കടലാസ് ചോർച്ചക്കേസിലെ ഒന്നാം പ്രതിയുടെ ആശംസാ ബോർഡുകൾ. എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ചിത്രമുള്ള, സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണു കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ.
ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ ഇരുവശങ്ങളിലും ഇന്നലെ സ്ഥാപിച്ചത്. വിവാദമായതോടെ കൊടുവള്ളി എഇഒ സി.പി.ഖാദറിന്റെ നിർദേശപ്രകാരം നഗരസഭാധികൃതർ ഇരുപത്തിയഞ്ചോളം വലിയ പരസ്യ ബോർഡുകൾ നീക്കം ചെയ്തു.
കൊടുവള്ളി മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിച്ച് ഹൈസ്കൂൾ കവാടത്തിനരികെ വരെയാണ് അധികൃതരുടെ അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചത്.
നഗരസഭ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും സ്ഥാപിച്ച ബോർഡുകൾക്ക് അനുമതി വാങ്ങിയിട്ടില്ലെന്ന് നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ അറിയിച്ചു. കലോത്സവ കമ്മിറ്റിയുടെയും അനുമതി വാങ്ങാതെയാണു പ്രധാന വേദിയുടെ പരിസരത്ത് ബോർഡുകൾ സ്ഥാപിച്ചതെന്ന് എഇഒ സി.പി.അബ്ദുൽ ഖാദറും കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുജീബ് ചളിക്കോടും അറിയിച്ചു.
എംഎസ് സൊലൂഷനുമായി ബന്ധപ്പെട്ടവർ എൽഇഡി സ്ക്രീനിലും വേദിയുടെ പരിസരങ്ങളിലും റോഡിലും പരസ്യം ചെയ്യാൻ വൻ തുക വാഗ്ദാനം ചെയ്ത് പബ്ലിസിറ്റി കമ്മിറ്റിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നതായും വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും എഇഒ അറിയിച്ചു. പത്താം ക്ലാസിലെ ഇംഗ്ലിഷ്, പ്ലസ് വൺ കണക്ക് എന്നിവയുടെ ക്രിസ്മസ് പരീക്ഷ ചോദ്യം ചോർന്നെന്ന കേസിലെ ഒന്നാം പ്രതിയാണ് എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ഷുഹൈബ് ഇപ്പോൾ ജാമ്യത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

