യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ‘അടച്ചുപൂട്ടൽ’ എന്ന റെക്കോർഡ് സ്വന്തമാക്കി രണ്ടാം ട്രംപ് സർക്കാരിന്റെ ഭരണസ്തംഭനം (യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ). 2018-19ലെ 35 ദിവസത്തെ റെക്കോർഡാണ് 36-ാം ദിവസത്തിലേക്ക് കടന്ന ഇപ്പോഴത്തെ ഷട്ട്ഡൗൺ തിരുത്തിയത്.
പ്രവർത്തിക്കാൻ പണമില്ലാതെ സർക്കാർ ഓഫിസുകൾ മിക്കതും അടച്ചുപൂട്ടിയതോടെ പതിനായിരങ്ങളാണ് ശമ്പളമില്ലാ അവധിയിലേക്ക് പോകാൻ നിർബന്ധിതരായത്.
നിത്യ ഭക്ഷണത്തിനായി സർക്കാരിന്റെ സാമ്പത്തിക പിന്തുണ ലഭിച്ചിരുന്ന 4 കോടിപ്പേരും പ്രതിസന്ധിയിലായി. ഇവർക്ക് സബ്സിസി ലഭിക്കുന്നതും നിലച്ചു.
60 വർഷത്തിനിടെ ആദ്യമായാണ് യുഎസിൽ പോഷകാഹാര പദ്ധതിയായ സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റൻസ് പ്രോഗ്രാം അഥവാ സ്നാപ് ഫണ്ടില്ലാതെ മുടങ്ങിപ്പോകുന്നത്.
‘റാഡിക്കൽ ഇടതുപക്ഷ ഡെമോക്രാറ്റുകളാണ്’ അടച്ചുപൂട്ടലിന് പിന്നിലെന്നും അവർ നിലപാട് മാറ്റാതെ ഭക്ഷ്യ സബ്സിഡി പദ്ധതി പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരും എതിർപക്ഷത്തുള്ള ഡെമോക്രാറ്റുകളും പിടിവാശിയിൽ ഉറച്ചുനിന്നതോടെ ഷട്ട്ഡൗൺ റെക്കോർഡ് കുറിക്കുകയായിരുന്നു.
നിലവിലെ ഫണ്ടിങ് ആവശ്യം മാത്രം അനുസരിച്ചുള്ള ബിൽ സെനറ്റിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ തയാറാകണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യം.
എന്നാൽ, ഈ ഫണ്ടിൽ ഹെൽത്ത്കെയർ നികുതി ആനുകൂല്യങ്ങളും ഉൾപ്പെടുത്തണന്ന് ഡെമോക്രാറ്റുകളും നിർബന്ധം പിടിക്കുന്നു. അതുപറ്റില്ലെന്ന് റിപ്പബ്ലിക്കൻമാരും വ്യക്തമാക്കിയതോടെ ഷട്ട്ഡൗൺ നീളുകയായിരുന്നു.
അതേസമയം, യുഎസിൽ ട്രംപ് വിരുദ്ധവികാരം ശക്തിപ്പെടുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂയോർക്കിൽ ഉൾപ്പെടെ നടന്ന നിർണായക തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾ തോറ്റു. പല അഭിപ്രായ സർവേകളും ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്നും വ്യക്തമാക്കി.
നിലവിലെ ഷട്ട്ഡൗണിന് ട്രംപിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയുമാണ് കൂടുതൽപേരും പഴിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

