കോഴിക്കോട്∙ ചതുരംഗക്കളത്തിൽ എതിരാളികളുടെ രാജാക്കന്മാരെ വെട്ടി വീഴ്ത്തി വെന്നിക്കൊടി പാറിച്ച യുവതിയെ 1970കളിൽ ചെസ് പ്രേമികൾ സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്നത് ‘ക്വീൻ ഓഫ് ചെസ്’ എന്നായിരുന്നു. ബെംഗളൂരുവിൽ മകളുടെ വസതിയിൽ ജീവിതത്തിന്റെ കളമൊഴിഞ്ഞ തിരുവണ്ണൂർ പുതിയ കോവിലകം അംഗമായ സേതുവർമ ഇന്നും അവരുടെ മനസ്സിൽ ചതുരംഗക്കളത്തിലെ രാജ്ഞിയാണ് – കാലാളും തേരും കുതിരയും ബിഷപ്പുമായി ഏറ്റവും ആക്രമണോത്സുക നീക്കങ്ങളിലൂടെ എതിരാളികളെ കീഴ്പ്പെടുത്തിയിരുന്ന രാജ്ഞി.
1974 മുതൽ 80 വരെ തുടർച്ചയായി ഏഴു തവണ സംസ്ഥാന വനിതാ ചെസ് ചാംപ്യൻ പട്ടം സേതുവർമ കൈപ്പിടിയിലൊതുക്കിയതും അത്തരം ശ്രദ്ധേയമായ കരുനീക്കങ്ങളിലൂടെയായിരുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിൽപ്പെട്ട നെടുമ്പുറം കൊട്ടാരത്തിലെ ബാലരാമവർമയുടെയും തിരുവണ്ണൂർ കോവിലകത്തെ ശ്രീദേവി വർമയുടെയും നാലു മക്കളിൽ മൂന്നാമത്തെ മകളായി 1940 ജൂൺ 7നാണ് സേതുവർമ ജനിച്ചത്.
ഇപ്പോഴത്തെ സാമൂതിരി പി.കെ.കേരളവർമ സഹോദരനാണ്. കനറാ ബാങ്കിന്റെ മുൻ ഡിവിഷനൽ മാനേജരായിരുന്ന പരേതനായ തിരുവല്ല നെടുമ്പുറം കൊട്ടാരത്തിലെ എൻ.കെ.വർമയാണ് ഭർത്താവ്.ഇംഗ്ലിഷിലും മലയാളത്തിലും ചെറുകഥകളും കവിതകളും വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചു.
എൻ.കെ.വർമയുമായുള്ള വിവാഹമാണ് സേതുവിന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.
മികച്ച ചെസ് കളിക്കാരനായിരുന്ന വർമ ചതുരംഗക്കളത്തിൽ ഭാര്യയുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞു. ഫിഷർ – സ്പാസ്കി ചെസ് ചാംപ്യൻഷിപ്പോടെയാണ് സജീവമായി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങിയത്.
ദേശീയ തലത്തിൽ ശ്രദ്ധേയരായിരുന്ന ഖാദിൽക്കർ സിസ്റ്റേഴ്സും ദേശീയ ചാംപ്യൻ ഭാഗ്യശ്രീ സാഥേയും സേതുവിനു മുന്നിൽ മുട്ടുകുത്തി. ‘സിസിലിയൻ ഡ്രാഗൺ വേരിയേഷനി’ലൂടെ സാഥേയെ തോൽപിച്ച ദിവസം ഇംഗ്ലിഷ് പത്രങ്ങളുടെ തലക്കെട്ട് ‘സേതു ഷോക്സ് സാഥേ’ എന്നായിരുന്നു.
പിന്നീട് സേതുവിന്റെ ജൈത്രയാത്രയായിരുന്നു കളത്തിൽ. 1982ൽ കോലാപൂരിൽ നടന്ന മത്സരത്തിൽ ‘ബെസ്റ്റ് അറ്റാക്കിങ് പ്ലെയർ’ പുരസ്കാരം നേടി.
1998ൽ കോഴിക്കോട്ടു നടന്ന വേൾഡ് ജൂനിയർ ചാംപ്യൻഷിപ്പിൽ ആർബിറ്ററായും പ്രവർത്തിച്ചു.
ഭർത്താവിന്റെ മരണ ശേഷം ബാങ്കിൽ ജോലിക്കു കയറിയതോടെയാണ് മത്സരരംഗത്തു നിന്ന് സേതു അകലാൻ തുടങ്ങിയത്. എങ്കിലും ബാങ്ക് തല മത്സരങ്ങളിലും പരിശീലനം നൽകുന്നതിലും സജീവമായിരുന്നു.
30 വർഷത്തോളം കോഴിക്കോട് ഫാഷൻ ബുട്ടീക് നടത്തി സ്വയം സംരംഭകയായും സമൂഹത്തിൽ നിറഞ്ഞുനിന്ന സേതുവർമ ആസ്വാദകർക്ക് നിറയെ ഓർമകൾ ശേഷിപ്പിച്ചാണ് മടങ്ങുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

