ആലപ്പുഴ ∙ സംസ്ഥാന സ്കൂൾ കായികമേളയിലേക്കു തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള മിടുക്കരായ കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതു നെഞ്ചിടിപ്പോടെയാണ്. മത്സരത്തെയല്ല, പരുക്കിനെയാണു പേടി.
ഉപജില്ലാ, ജില്ലാ മേളകളുടെ അതേമാസം തന്നെയാകും സംസ്ഥാനതല മത്സരവും.ചിലപ്പോൾ ദേശീയ ചാംപ്യൻഷിപ്പുകളും ഇതിനിടെ വരും. അതോടെ പരുക്കേൽക്കാനുള്ള സാധ്യത കൂടും, പ്രകടനം മോശമാകും.
കഴിഞ്ഞ മത്സരങ്ങളുടെ കാര്യം തന്നെയെടുക്കാം.
ഒക്ടോബർ ആദ്യ ദിവസങ്ങളിലായിരുന്നു ഉപജില്ലാ കായികമേളകൾ. ഗ്രൗണ്ടുകളും സൗകര്യങ്ങളും കുറവായതിനാൽ മങ്കൊമ്പ്, വെളിയനാട്, തലവടി, തുറവൂർ തുടങ്ങിയ ഉപജില്ലകൾ മറ്റിടങ്ങളിൽ പോയാണു മേള നടത്തിയത്.
14ന് ഉപജില്ലാ മേളകൾ കഴിഞ്ഞു. പിറ്റേന്നു മുഹമ്മയിൽ ജില്ലാ കായികമേള ആരംഭിച്ചു. അതു 18 വരെ.
22ന് തിരുവനന്തപുരത്തു സംസ്ഥാന കായികമേള തുടങ്ങി! ഒരു മാസത്തിൽ മൂന്നു മേള.
രണ്ടും മൂന്നും ഇനങ്ങളിൽ മത്സരിച്ച കുട്ടികളുടെ കാര്യം ഓർക്കുക.
മാറേണ്ടേ കായികമേളകളുടെ ഷെഡ്യൂൾ ?
മത്സരങ്ങൾക്കിടെ കൂടുതൽ സമയം ലഭിക്കുന്നതു കുട്ടികൾക്കു സഹായകമാകുമെന്ന് ആലപ്പുഴ സായ് നാഷനൽ സെന്റർ ഓഫ് എക്സലൻസിലെ പരിശീലകനും അർജുന പുരസ്കാര ജേതാവുമായ സജി തോമസ് പറയുന്നു. സായ് താരങ്ങൾ പങ്കെടുക്കുന്ന ദേശീയ മത്സരങ്ങൾ മാസങ്ങളുടെ ഇടവേളകളിലാണ്. മത്സരങ്ങൾക്കു തൊട്ടുമുൻപ് ഒരാഴ്ചയോളം കുട്ടികൾക്കു മതിയായ വിശ്രമം (ടാംപറിങ് ടൈം) നൽകി തയാറെടുപ്പിനു പ്രാപ്തരാക്കണം.
അതിന് ഒരാഴ്ച മുൻപാകും തീവ്രപരിശീലനം.
തുടർന്ന് പരിശീലനത്തിന്റെ കാഠിന്യം കുറച്ചു കൊണ്ടുവരും. ശരീരത്തെയും മനസിനെയും വീണ്ടെടുക്കാനുള്ളതാണ് ഈ സമയം.
ഇതു മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കും. എന്നാൽ സ്കൂൾ കായികമേളയിൽ ഇടവേളകളില്ലാത്ത മത്സരങ്ങളാണു കാണുന്നത്.
ഇതു ശാസ്ത്രീയമല്ല– സജി തോമസ് പറഞ്ഞു.
വേണ്ടത്ര വിശ്രമമില്ലാതെ കുട്ടികൾ മത്സരത്തിന് ഇറങ്ങുന്നതു ശരീരത്തിനു ദോഷകരമാണെന്നു കോട്ടയം കാരിത്താസ് ആശുപത്രി സ്പോർട്സ് മെഡിസിൻ വിഭാഗത്തിലെ ഡോ.എസ്.ആനന്ദ് കുമരോത്ത് പറയുന്നു. ഓരോ മത്സരത്തിലും പരമാവധി പ്രകടനമാണു താരം പുറത്തെടുക്കുക.
പേശികൾ വല്ലാതെ വലിഞ്ഞുമുറുകും. അതു പരിഹരിക്കുന്നതിനു മുൻപുള്ള അടുത്ത മത്സരം പരുക്കുകൾക്ക് ഇടയാക്കും.
മത്സരങ്ങൾക്കു കൃത്യമായ ഇടവേള നിശ്ചയിക്കുകയാണു പോംവഴി. ഒന്നിലേറെ ഇനങ്ങളിൽ മത്സരിക്കുന്നവർക്കു മതിയായ വിശ്രമം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഡോ.ആനന്ദ് പറഞ്ഞു.
നീന്തിക്കടക്കണം പ്രതിസന്ധികൾ
ആലപ്പുഴ ∙ ആറും തോടും കായലും കടലുമെല്ലാം ഇഴുകിച്ചേർന്ന ആലപ്പുഴയിൽ മികച്ച പരിശീലനം കൂടി കിട്ടിയാൽ നീന്തി സ്വർണം വാരാനാകുമെന്നു തെളിയിച്ചു പി.അഭിനവ്.
ഏതാനും മാസത്തെ പരിശീലനം കൊണ്ടാണു സംസ്ഥാന കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ നീന്തലിൽ (ബ്രെസ്റ്റ് സ്ട്രോക്ക് 50 മീറ്റർ) അഭിനവ് സ്വർണം നേടിയത്.
വൈശ്യംഭാഗം സ്വദേശി അഭിനവ് ഉൾപ്പെടെ 5 വിദ്യാർഥികൾ ആലപ്പുഴ നഗരത്തിൽ താമസിച്ചാണു രാജാകേശവദാസ് നീന്തൽക്കുളത്തിൽ പരിശീലിക്കുന്നത്. രാവിലെയും വൈകിട്ടും പരിശീലനം വേണം.
അതിനാലാണു ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ കുട്ടികൾക്കു താമസസൗകര്യം ഉൾപ്പെടെ നൽകി പരിശീലിപ്പിച്ചതെന്നു മുൻ ദേശീയ താരവും പരിശീലകനുമായ പി.എസ്.സുജിത്ത് പറഞ്ഞു. ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലാണ് ഇവർ പഠിക്കുന്നത്.
കുട്ടനാട്ടിൽ നിന്നുള്ള കുട്ടികൾക്കു നീന്തലിൽ ഉയർന്ന ശാരീരികക്ഷമതയും കഴിവുമുണ്ടെന്നു പരിശീലകരെല്ലാം പറയുന്നു.
എന്നാൽ ജില്ലയിൽ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാൽ മറ്റു ജില്ലകളിലാണ് ഇവരിൽ മിക്കവരും പഠിക്കുന്നതും പരിശീലിക്കുന്നതും. ഇവർ മെഡലുകൾ നേടുന്നുമുണ്ട്.
മുൻപ് കുട്ടനാട് മേഖലയിൽ നീന്തൽ ക്ലബ്ബുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാം പൂട്ടി. രാജാകേശവദാസ് നീന്തൽകുളത്തിൽ മാത്രമേ നിലവിൽ സൗകര്യമുള്ളൂ.
ദിവസവും 35 കുട്ടികൾ ഇവിടെ പരിശീലിക്കുന്നു.
മത്സരങ്ങൾ നടത്താനുള്ള ആകൃതിയല്ല ഈ കുളത്തിന്. അതിനാൽ പരിശീലനം മാത്രം നടക്കുന്നു.
സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റൽ ഉണ്ടായിരുന്നതു പൂട്ടിപ്പോയി. ജില്ലയിൽ രാജ്യാന്തര നിലവാരമുള്ള നീന്തൽക്കുളങ്ങളും സൗകര്യങ്ങളും വന്നാൽ ദേശീയതാരങ്ങളെ വരെ സൃഷ്ടിക്കാനാകും.
ചുരുങ്ങിയപക്ഷം കുട്ടികൾക്കു നീന്തലിൽ പരിശീലനം നേടാൻ കൂടുതൽ നീന്തൽക്കുളങ്ങളെങ്കിലും അനിവാര്യമാണ്.
മനോരമ ആശയക്കൂട്ടായ്മ 7ന്; ഇൻസ്പയർ ബ്രൈറ്റ് സ്കൂളുമായി ചേർന്നാണു പരിപാടി
കായികമേഖലയിലെ ജില്ലയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മലയാള മനോരമയും ആലപ്പുഴ ഇൻസ്പയർ ബ്രൈറ്റ് സ്കൂളും ചേർന്ന് ആശയക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൂട്ടായ്മയിൽ ഉയർന്നുവരുന്ന ആശയങ്ങളും നിർദേശങ്ങളും അധികൃതർക്കു സമർപ്പിക്കും. സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയ്ക്കു വേണ്ടി സ്വർണം നേടിയ താരങ്ങളെ ചടങ്ങിൽ അനുമോദിക്കും.
ഏഴിന് മലയാള മനോരമയുടെ ആലപ്പുഴ കളപ്പുരയിലെ ഓഫിസിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവരെ പങ്കെടുപ്പിച്ചാണ് ആശയക്കൂട്ടായ്മ നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

