മുംബൈ ∙ ടാറ്റ ട്രസ്റ്റ്സിലെ ട്രസ്റ്റി സ്ഥാനത്തു നിന്നു നീക്കിയതിനെതിരെ മെഹ്ലി മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റി കമ്മിഷനെ സമീപിച്ചു. ടാറ്റ സൺസിൽ 18.5% ഓഹരിയുള്ള ഷാപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പിന്റെ പ്രതിനിധിയായ മിസ്ത്രി, അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് തനിക്കു പറയാനുള്ളത് കൂടി കേൾക്കണമെന്നാണു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കവിയറ്റ് നോട്ടിസ് ടാറ്റ ട്രസ്റ്റ്സിനെ നയിക്കുന്ന വിവിധ ട്രസ്റ്റുകളുടെ ട്രസ്റ്റിമാർക്ക് മിസ്ത്രി അയച്ചു.
ഇതോടെ, ടാറ്റ ട്രസ്റ്റ്സിൽ ചെയർമാൻ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള വിഭാഗവും മെഹ്ലി മിസ്ത്രി പക്ഷവും തമ്മിലുള്ള പോര് നീളുമെന്നുറപ്പായി.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണു ടാറ്റ ട്രസ്റ്റ്സ്. വിവിധ ബിസിനസുകൾ നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66% ഓഹരി പങ്കാളിത്തമാണ് ട്രസ്റ്റ്സിന് ഉള്ളത്.
ടാറ്റ ട്രസ്റ്റ്സിൽ ഭൂരിഭാഗം പേരും നോയൽ ടാറ്റയോട് ആഭിമുഖ്യം പുലർത്തുന്നു. അവരാണ് മെഹ്ലി മിസ്ത്രിയെ ട്രസ്റ്റിയായി പുനർനിയമിക്കണമെന്ന ആവശ്യം ഒരാഴ്ച മുൻപ് തള്ളിയത്.
മറ്റെല്ലാ ട്രസ്റ്റിമാർക്കും പുനർനിയമനം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്നാണു മിസ്ത്രിയുടെ വാദം.
ഡയറക്ടർ ബോർഡിലെ മാറ്റങ്ങൾ ട്രസ്റ്റ്സ് അധികൃതർ 90 ദിവസത്തിനകം സംസ്ഥാന ചാരിറ്റി കമ്മിഷണറെ അറിയിക്കണമെന്നാണു ചട്ടം. കമ്മിഷണർ അംഗീകരിച്ചാലേ സാധുത ലഭിക്കൂ.
ഇൗ പഴുത് ഉപയോഗിച്ചതാണ് മിസ്ത്രി കവിയറ്റ് സമർപ്പിച്ചിരിക്കുന്നത്.
ടാറ്റ ട്രസ്റ്റ്സ് മുൻ ചെയർമാൻ, അന്തരിച്ച രത്തൻ ടാറ്റയുടെ വിശ്വസ്തനായിരുന്നു മെഹ്ലി മിസ്ത്രി. എന്നാൽ, പുതിയ ചെയർമാനും രത്തന്റെ അർധസഹോദരനുമായ നോയൽ ടാറ്റയുമായി അദ്ദേഹം സ്വരച്ചേർച്ചയിലല്ല.
ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് മിസ്ത്രിയുടെ ആവശ്യം. എന്നാൽ, അതിനെ നോയൽ ടാറ്റ എതിർക്കുന്നു.
ഇതടക്കമുള്ള തർക്കങ്ങളാണ് രാജ്യത്തെ ഏറ്റവും മുൻനിര വ്യവസായ ഗ്രൂപ്പിന്റെ മേൽത്തട്ടിൽ അസ്വാരസ്യങ്ങൾക്കു കാരണം.
നേരത്തെ, ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റയെ നിർദേശിച്ചത് മെഹ്ലി മിസ്ത്രിയാണ്. അതിന്റെ ബലത്തിൽ ടാറ്റ ട്രസ്റ്റ്സിൽ മെഹ്ലി പിടിമുറുക്കാൻ ശ്രമിച്ചതും നോയൽ ഇടയാൻ കാരണമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

