തൃശൂർ ∙ നവംബർ 8ന് 10–ാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന അനീഷയ്ക്ക്, അനീഷ ആവശ്യപ്പെടുന്ന പരീക്ഷാ കേന്ദ്രത്തിൽ വാഹനത്തിൽ ഇരുന്നോ, പ്രത്യേക മുറിയിൽ ഇരുന്നോ പരീക്ഷ എഴുതാൻ ഉത്തരവ്. ‘മനോരമ ഓൺലൈൻ’ വാർത്തയ്ക്കു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
വീട്ടിൽ ഇരുന്നു പരീക്ഷ എഴുതാനാവില്ലെന്നും വകുപ്പ് വ്യക്തമാക്കി. 10–ാം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിൽ ഇരുന്ന് എഴുതുന്നതിനു അനുമതി തേടി തൃശൂർ തളിക്കുളം സ്വദേശി അനീഷ അഷറഫ് (34) വിദ്യാഭ്യാസമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഓഫിസുകളിൽ അപേക്ഷ നൽകിയിരുന്നു.
നിരവധി വാതിലുകൾ മുട്ടിയിട്ടും സാങ്കേതികത്വത്തിന്റെ നൂലിൽ കെട്ടി അപേക്ഷ തീർപ്പാകാതെ കിടക്കുകയായിരുന്നു.
മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ചതിനാൽ എഴാം ക്ലാസ് തുല്യതാ പരീക്ഷ സർക്കാരിന്റെ പ്രത്യേക അനുമതിയിൽ സംസ്ഥാനത്താദ്യമായി വീട്ടിലിരുന്ന് എഴുതിയത് അനീഷയാണ്. 2023ലെ സംസ്ഥാന സർക്കാരിന്റെ മികച്ച മാതൃകാ വ്യക്തിക്കുള്ള ഭിന്നശേഷി അവാർഡ് ജേതാവുമാണ്. കഴിഞ്ഞ മേയ് മാസത്തിൽ തൃശൂരിൽ വച്ച് നടന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ ഭിന്നശേഷി വിഭാഗത്തിന് ലഭ്യമാക്കേണ്ട
വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ച് അനീഷ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. പരിശോധിച്ച് ആവശ്യമായ നടപടികൾ എടുക്കുമെന്നും ബന്ധപ്പെട്ട
വകുപ്പുകളുമായി കൂടിയാലോചിച്ച് വിഷയം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നു. തുല്യതാ പരീക്ഷ നവംബർ 8 നാണ് ആരംഭിക്കുന്നത്.
ഇതേത്തുടർന്നാണ് ചൊവ്വാഴ്ച ‘മനോരമ ഓൺലൈനും’ ഇതു സംബന്ധിച്ച വാർത്ത നൽകിയത്.
‘പത്താംതരം തുല്യതാ പരീക്ഷ നടത്തുന്നത് കേരള പൊതു പരീക്ഷാ ബോർഡ് ആണ്. പരീക്ഷാ കേന്ദ്രങ്ങളിലല്ലാതെ മറ്റ് ഇടങ്ങളിൽ പരീക്ഷ നടത്തുന്നത് പരീക്ഷയുടെ രഹസ്യ സ്വഭാവം, വിശ്വാസ്യത എന്നിവ നഷ്ടപ്പെടുത്തും.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്ന ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർ എന്നിവരുടെ നേത്യത്വത്തിലാണ് പരീക്ഷ നടത്തുന്നത്. ചോദ്യ കടലാസ്, ഉത്തര കടലാസ് എന്നിവയുടെ വിതരണം പരീക്ഷയുടെ മറ്റ് ക്രമീകരണങ്ങൾ എന്നിവയെല്ലാം നടത്തപ്പെടേണ്ടതുണ്ട്.
പരീക്ഷാർഥിക്ക് പരീക്ഷാ കേന്ദ്രമായി സ്വന്തം വീട്ടിലോ ആശുപത്രിയിലോ അനുവാദം നൽകുന്ന പക്ഷം ഇത്തരം ക്രമീകരണങ്ങൾ നടത്താൻ കഴിയാതെ വരും. എന്നിരുന്നാലും, അനീഷ അഷ്റഫിന്റെ ശാരീരിക അസ്വസ്ഥതകൾ പ്രത്യേകമായി പരിഗണിച്ച്, അനീഷ ആവശ്യപ്പെടുന്ന പരീക്ഷാ കേന്ദ്രത്തിൽ ഏതെങ്കിലും വാഹനത്തിൽ ഇരുന്നോ / പ്രത്യേക മുറിയിൽ ഇരുന്നോ ഇൻവിജിലേറ്റേഴ്സസിന്റെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാവുന്നതാണെന്നും വീട്ടിൽ ഇരുന്നു പരീക്ഷ എഴുതാനുള്ള അനുമതി നൽകാനാവില്ലെന്നും അറിയിക്കുന്നു’ – പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

