കാക്കനാട്∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ പ്രതിഷേധിച്ചു കാക്കനാട് റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കു നടത്തിയതു യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു ബസുകളുടെ പണിമുടക്കു പ്രഖ്യാപനം. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതിനെ തുടർന്നാണു പ്രശ്നം തുടങ്ങിയത്.
ട്രിപ് കട്ട് ചെയ്ത ബസുകൾക്കെതിരെയും ലൈസൻസും യൂണിഫോമും ഇല്ലാത്ത കണ്ടക്ടർമാർക്കെതിരെയും നടപടിയെടുത്തതോടെ ജീവനക്കാരും ബസുടമകളും പ്രതിഷേധവുമായെത്തി.
ട്രിപ് കട്ട് ചെയ്തതല്ലെന്നും അറ്റകുറ്റപ്പണിക്കായി നിർത്തിയ ബസിനെതിരെയാണു നടപടിയെടുത്തതെന്നും അവർ വാദിച്ചു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയിൽ ഉറച്ചു നിന്നതോടെ സർവീസ് നിർത്തിവയ്ക്കുകയാണെന്നു ജീവനക്കാരും ഉടമകളും പ്രഖ്യാപിക്കുകയായിരുന്നു.
സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ സ്റ്റാന്റിലെത്തിയതോടെ ഉടമകളുടെ നിർദേശപ്രകാരം സർവീസ് അവസാനിപ്പിച്ചു.
യാത്രക്കാരുമായെത്തിയ ഒരു സ്വകാര്യ ബസും കെഎസ്ആർടിസി ബസും ഇതിനിടെ ബസ് ജീവനക്കാർ തടഞ്ഞു. ഇതോടെ പൊലീസ് രംഗത്തെത്തി.
ഇൻഫോപാർക്ക്, കലക്ടറേറ്റ്, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയ ഇടങ്ങളിലേക്കുള്ള നൂറു കണക്കിനു യാത്രക്കാരാണു പെരുവഴിയിലായത്.
കെഎസ്ആർടിസി വൈകിട്ട് കൂടുതൽ സർവീസ് നടത്തിയതിനാൽ വൈകിട്ട് യാത്രാ ക്ലേശം കുറഞ്ഞു. തുടരെ പരിശോധനയും പിഴയടപ്പിക്കലും മൂലം ബസ് വ്യവസായം നടത്തിക്കൊണ്ടു പോകാനാകുന്നില്ലെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും പരാതി. മെട്രോ റെയിൽ നിർമാണം മൂലമുള്ള ഗതാഗതക്കുരുക്കിൽ സമയം തെറ്റിയാലും പിഴ അടയ്ക്കേണ്ട
സ്ഥിതിയാണ്. പണിമുടക്കിയ ബസ് ജീവനക്കാരും ഉടമകളും ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലേക്ക് മാർച്ച് നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

