അഡൂർ∙ കർഷകർക്ക് ആശങ്കയേറ്റി കാട്ടാനക്കൂട്ടം പാണ്ടി പുലിപ്പറമ്പിലെ സോളർ തൂക്കുവേലിക്കരികിൽ. വനംവകുപ്പ് ജീവനക്കാർ കൃത്യസമയത്ത് സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റിയെങ്കിലും അധികദൂരം പോയിട്ടില്ല.
വേലിയുടെ 20 മീറ്റർ അടുത്തേക്കു വരെ ആനകളെത്തിയിരുന്നു. പുലിപ്പറമ്പിലെ റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരാണ് ആനകളെത്തിയ വിവരം വനംവകുപ്പിനെ അറിയിച്ചത്.
കുട്ടി ഉൾപ്പെടെ 9 എണ്ണമാണ് കൂട്ടത്തിലുള്ളതെന്നാണ് വിവരം. വൈകിട്ട് 5 മണിവരെ അടിക്കാട് വെട്ടി വനംവകുപ്പ് വാച്ചർമാർ സ്ഥലത്തുണ്ടായിരുന്നു.
പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനകളുണ്ടായിരുന്നെങ്കിലും വേലിക്ക് അടുത്ത് എത്തുന്നത് ആദ്യമാണ്.
വൈകിട്ട് ആറോടെയാണ് ഇവ കൂട്ടത്തോടെ വേലി കടക്കാനുള്ള ശ്രമം നടത്തിയത്. വേലി നല്ല ചാർജിൽ നിൽക്കുന്നെങ്കിലും വനംവകുപ്പിന്റെ ശക്തമായ ഇടപെടലുണ്ടെങ്കിലും ശ്രദ്ധ അൽപം തെറ്റിയാൽ ആനക്കൂട്ടം വേലി കടക്കാൻ സാധ്യതയുണ്ട്. സമീപത്തെ മരം മറിച്ചിട്ട് വേലി തകർക്കുന്നതാണ് ആനകളുടെ രീതി. അതുകൊണ്ട് രാത്രിയിൽ വേലിക്കു സമീപം തീയിട്ടും ശബ്ദങ്ങളുണ്ടാക്കിയും വനംവകുപ്പ് ജാഗ്രതയിലാണ്.
സോളർ വേലി ചാർജ് ചെയ്തതിനു ശേഷം കഴിഞ്ഞ ഒന്നര വർഷത്തോളമായി ആനക്കൂട്ടം വേലി കടന്നിട്ടില്ല.
ഇടയ്ക്ക് ഒറ്റയാന്മാർ വേലി തകർത്ത് വന്നെങ്കിലും പെട്ടെന്ന് തന്നെ തുരത്താനും വനംവകുപ്പിന് സാധിച്ചു. ആനക്കൂട്ടം വേലി കടന്നാൽ തുരത്തുക വലിയ ദുഷ്കരമാകും. വേലി കടന്ന് ദേലംപാടി പഞ്ചായത്തിലെത്തുന്ന കാട്ടാനക്കൂട്ടം മുളിയാർ, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തിലും വലിയ നാശം വിതയ്ക്കാറുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

