പിറവം∙ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ദ്രജിത്തിനു കണ്ണീരോടെ ജന്മനാടിന്റെ വിട. വെളിയനാട് പോത്തൻ കുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ (22) സംസ്കാരം നടത്തി.
സന്തോഷിന്റെയും ഷീനയുടെയും മകനാണ്. കഴിഞ്ഞ 16 നു പുലർച്ചെ 3 മണിയോടെ തുറമുഖത്തുനിന്നു 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലേക്കു ജോലിക്കു പ്രവേശിക്കുന്നതിനു ബോട്ടിൽ പോകുമ്പോഴായിരുന്നു അപകടം.
ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ.
അപകടത്തിൽപെട്ട ചവറ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
മൊസാംബിക്കിൽനിന്നു വിമാനമാർഗം ശനിയാഴ്ച മുംബൈയിൽ എത്തിച്ച് ഇന്നലെ പുലർച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൊണ്ടുവന്നു. ഉച്ചയോടെയാണു മൃതദേഹം വെളിയനാട്ടിലെ വീട്ടിലെത്തിച്ചത്.
കപ്പലിൽ ജോലിക്കാരനായ പിതാവ് സന്തോഷിനൊപ്പം കഴിഞ്ഞ 3 നാണു ഇന്ദ്രജിത്ത് ജോലി സ്ഥലത്തേക്കു തിരിച്ചത്. ഗുജറാത്തിൽ ജോലി പൂർത്തിയാക്കിയതിനു ശേഷമാണു മൊസാംബിക്കിലേക്കു പോയത്.
ഒരാഴ്ചയിൽ കൂടുതൽ ഇന്ദ്രജിത്തിന് ഇവിടെ ജോലി ഉണ്ടാകില്ലെന്നായിരുന്നു അറിയിപ്പ്. കപ്പലിലേക്കു കയറുന്നതിനായി ബോട്ടിൽ പോവുകയാണെന്നു മാതാവ് ഷീനയ്ക്കു ഫോണിൽ സന്ദേശം അയച്ചിരുന്നു.
കപ്പലിന്റെ പുറംപാളിയിൽ പരിശോധന നടത്തുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി കപ്പലുകളുടെ സുരക്ഷാപരിശോധന നടത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

