കൊച്ചി ∙ നഗരത്തിന്റെ സാംസ്കാരിക പൈതൃകം നിലനിർത്താനായി ‘പൈതൃക സംരക്ഷണ അതോറിറ്റി’ക്കു രൂപം നൽകും. കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകിയ സാംസ്കാരിക നയത്തിൽ ഉൾപ്പെടുന്നതാണു പൈതൃക സംരക്ഷണ അതോറിറ്റിയും.
അതോറിറ്റിയുടെ നിയമാവലി തയാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്തിമ ഘട്ടത്തിലാണ്.ഒരു തദ്ദേശ സ്ഥാപനം പൈതൃക സംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നതു പോലും ആദ്യമായാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
സാംസ്കാരിക വൈവിധ്യമാണു കൊച്ചി നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പൈതൃക സംരക്ഷണത്തിൽ നഗരത്തിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
നഗരത്തിലെ പൈതൃക സാംസ്കാരിക കേന്ദ്രങ്ങൾ, പൈതൃക സ്വത്തുക്കൾ, പ്രകൃതി സമ്പത്ത്, ജൈവ വൈവിധ്യം എന്നിവയുടെയെല്ലാം സംരക്ഷണം ലക്ഷ്യമിട്ടാണ് അതോറിറ്റി പ്രവർത്തിക്കുക.
ചരിത്ര പ്രധാന്യമുള്ളതും പ്രാദേശിക സ്വഭാവമുള്ളതുമായ സ്മാരകങ്ങൾ, കെട്ടിടങ്ങൾ, കരകൗശല വസ്തുക്കൾ, കമാനങ്ങൾ തുടങ്ങിയവയുടെ സംരക്ഷണം അതോറിറ്റിയുടെ ചുമതലയായിരിക്കും.ഇത്തരം കെട്ടിടങ്ങളിൽ ഏതു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ നടത്താനാകൂ.
മേയർ, നഗരാസൂത്രണ സ്ഥിരസമിതി ചെയർമാൻ, കോർപറേഷൻ സെക്രട്ടറി, സി ഹെഡ് പ്രതിനിധി, ഈ രംഗത്തെ വിദഗ്ധർ എന്നിവരുൾപ്പെടുന്ന അതോറിറ്റിയിലെ അംഗങ്ങളെ നിശ്ചയിക്കുന്നതു കോർപറേഷൻ കൗൺസിലായിരിക്കും.അതോറിറ്റി രൂപീകരിക്കാനായി കോർപറേഷൻ തയാറാക്കുന്ന നിയമാവലിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത ഭരണസമിതിയായിരിക്കും അതോറിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ച കൂടുതൽ നടപടികളിലേക്കു കടക്കുക.
നയരേഖയിലെ പ്രധാന നിർദേശങ്ങൾ
∙ മാലിന്യം നിയന്ത്രിക്കാനായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കും
∙ പൊതു പാർക്കുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും.
∙ പൊതുഇടങ്ങളിൽ ആർട് ഗാലറി, കൾചറൽ കഫേ, ആംഫി തിയറ്റർ തുടങ്ങിയവ നടപ്പാക്കുക. ∙ പാരമ്പര്യ വാസ്തുശിൽപ മാതൃകകളുടെ സംരക്ഷണവും പ്രദർശനവും.
∙ ജനപ്രിയ കലകളെ പ്രോത്സാഹിപ്പിക്കുക. ∙ കുട്ടികൾക്കായി കൂടുതൽ ഇടങ്ങൾ വികസിപ്പിക്കുക.
∙ സാംസ്കാരിക നയം ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. ∙ കൊച്ചിയിലെ വിവിധ ഭാഷാ സംസ്കാരങ്ങൾ ഡോക്യുമെന്റ് ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

