കോഴിക്കോട് ∙ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയാറാവണമെന്നും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ആവശ്യപ്പെട്ടു. നിലവിൽ എസ്ഐആർ പൂർത്തിയായ ബിഹാറിൽ ലക്ഷക്കണക്കിനാളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടലും നമ്മുടെ മുന്നിലുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്തുപോകുമോയെന്ന ആശങ്കയുണ്ട്.
എസ്ഐആറിന്റെ മറവിൽ പൗരത്വ പരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു.
വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ വേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല.
പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പിക്കേണ്ട
രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനുഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്.
ഈ സങ്കീർണതകളിൽ തട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വം പോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. ഇക്കാര്യം പരിശോധിച്ച് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി കൈകൊള്ളണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തീവ്ര പരിശോധന നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ വോട്ടർപട്ടിക പരിശോധനയുടെ തുടക്കം മുതൽ സംസ്ഥാന സർക്കാർ ജാഗ്രതയോടെ ഇടപെടുകയും അർഹതപ്പെട്ട
ഒരാൾ പോലും പട്ടികയിൽനിന്ന് പുറത്താവില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. അറിവില്ലായ്മ കൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്.
രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സാമൂഹിക സംഘടനകളും മാധ്യമങ്ങളും ഈ വിഷയത്തിൽ സാധാരണ ജനങ്ങളെ ബോധവൽകരിക്കാനും സഹായിക്കാനും മുന്നോട്ടു വരണമെന്നും കാന്തപുരം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

