തിരുവനന്തപുരം∙ ട്രാവൻകൂർ നായർ ബ്രിഗേഡ് തമ്പടിച്ച സ്ഥലം ആയതിനാലാണ് പാളയം എന്ന പേരു കിട്ടിയത്. സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ കൂടിച്ചേരലുകളുടെ ഇടമാണ് പാളയത്തെ വ്യത്യസ്തമാക്കുന്നത്.നിയമസഭാ മന്ദിരം, പബ്ലിക് ലൈബ്രറി, ഫൈൻ ആർട്സ് കോളജ്, കണ്ണിമേറ മാർക്കറ്റ്, സെന്റ് ജോസഫ്സ് പള്ളി, മുസ്ലിം ജമാ അത്ത്, ഗണപതി ക്ഷേത്രം, അയ്യങ്കാളി ഹാൾ, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, എംഎൽഎ ഹോസ്റ്റൽ എന്നിവയെല്ലാം പാളയത്താണ്.
സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് നിയമസഭ മാറ്റിയതും രണ്ടു സ്റ്റേഡിയങ്ങൾ നിർമിച്ചതുമാണ് സംസ്ഥാന രൂപീകരണത്തിന് ശേഷമുണ്ടായ പ്രധാന മാറ്റം, മദ്രാസ് ഗവർണർ ആയിരുന്ന കണ്ണിമേറ പ്രഭുവാണ് മാർക്കറ്റിന്റെ കവാടം നിർമിച്ചത്. നൂറു വർഷത്തിലേറെ പഴക്കമുള്ള മാർക്കറ്റ് സ്മാർട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 79 കോടി രൂപ മുടക്കി നവീകരിക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ.
മാർക്കറ്റിന്റെ കവാടം അതേ പടി നിലനിർത്തിയാണ് നവീകരണം.
റെയിൽവേ സ്റ്റേഷൻ, തമ്പാനൂർ
തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതി നടക്കുന്നുണ്ടെങ്കിലും പൈതൃക കെട്ടിടത്തിന് പോറലേൽപ്പിക്കില്ല. ഇഷ്ടികകൾ ഉപയോഗിക്കാതെ പൂർണമായും കരിങ്കൽ കെട്ടുകളാൽ തീർത്തതാണു സ്റ്റേഷൻ. ട്രാവൻകൂർ സെൻട്രൽ എന്നായിരുന്നു ആദ്യ പേര്.
1918ൽ ചാക്കയിലാണ് (പേട്ട) ആദ്യ റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്. എന്നാൽ 1931ൽ ദിവാൻ എ.ഇ.വാട്ട്സാണു സ്റ്റേഷൻ തമ്പാനൂരിലേക്കു മാറ്റി സ്ഥാപിച്ചത്.
മഹാറാണി സേതുലക്ഷ്മി ബായിയുടെ കാലത്താണു സ്റ്റേഷൻ നിർമാണം.ഒരു ബ്രാഞ്ച് ലൈൻ സ്റ്റേഷൻ മാത്രമായിട്ടായിരുന്നു തുടക്കം. 1931 നവംബർ 4നായിരുന്നു സ്റ്റേഷന്റെ ഉദ്ഘാടനം.
ഒരു പ്ലാറ്റ്ഫോമാണ് ഉണ്ടായിരുന്നത്. 1976ലാണ് പാത ബ്രോഡ്ഗേജാക്കിയത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു ബ്രോഡ്ഗേജ് പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്.
തൊണ്ണൂറുകളിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം 5 ആയി. ഇന്ന് സംസ്ഥാനത്ത് ഏറ്റവും തിരക്കും കൂടുതൽ വരുമാനവുമുള്ള സ്റ്റേഷനാണിത്.
സെക്രട്ടേറിയറ്റ്
തൂവെള്ള നിറത്തിൽ തലയുയർത്തി നിൽക്കുന്ന നമ്മുടെ സെക്രട്ടേറിയറ്റ് മന്ദിരം നിർമിക്കാൻ ചെലവായ തുക എത്രയാണെന്നോ? വെറും മൂന്നു ലക്ഷം രൂപ. അന്ന്, 1869ൽ അത് ഒരു വെറും തുകയല്ല.
1,70,000 രൂപയായിരുന്നു എസ്റ്റിമേറ്റ്. സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ ലഭ്യമായ സർക്കാർ രേഖകളിൽ 3 ലക്ഷം രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
4 വർഷമെടുത്തു നിർമാണം പൂർത്തിയാക്കാൻ. പബ്ലിക് ഓഫിസ് പണിയെന്നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് രേഖകൾ. 1865 ഡിസംബർ 7ന് ആയില്യം തിരുനാൾ മഹാരാജാവാണ് മന്ദിരത്തിന് കല്ലിട്ടത്.
1869 ഓഗസ്റ്റ് 23ന് ഓഫിസുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചു.
സെക്രട്ടേറിയറ്റ് പ്രവർത്തനം തുടങ്ങിയതോടെ പലയിടങ്ങളിലായിരുന്ന ഓഫിസുകളും ഹജൂർ കച്ചേരിയും ഒരു കൂരയ്ക്കുകീഴിലായി. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ രൂപകൽപന വില്യം ബാർട്ടണിന്റേതായിരുന്നു .
റോമൻ-ഡച്ച് വാസ്തുശിൽപ മാതൃകയിലുള്ള ഇരുനില കെട്ടിടമാണ് നിർമിച്ചത്. ദർബാർ ഹാൾ ഉൾപ്പെടുന്ന മധ്യത്തിലുള്ള മന്ദിരമാണ് വില്യം ബാർട്ടൺ നിർമിച്ചത്. മറ്റു മന്ദിരങ്ങൾ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.
സെക്രട്ടേറിയറ്റ് നിർമാണത്തിന് ചുക്കാൻ പിടിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവുവായിരുന്നു. നൂറുകണക്കിനാളുകൾ ചേർന്നായിരുന്നു നിർമാണ പ്രവർത്തനം.
ആവിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള നിർമാണ രീതി കാണുന്നതിന് നഗരത്തിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും ആളുകൾ എത്തി.
മദ്രാസ് ഗവർണർ നേപ്പിയർ പ്രഭുവും കൊച്ചി മഹാരാജാവുമെല്ലാം ഇതു കാണാനെത്തി. മന്ദിരത്തിലെ 70 അടി നീളവും 40 അടി വീതിയും 38 അടി പൊക്കവുമുള്ള ദർബാർ ഹാളും, ചതുർമുഖമുള്ള മണിമേടയും മന്ദിരത്തിന്റെ മോടി കൂട്ടി.
1900 ത്തിൽ എത്തിയ കഴ്സൺ പ്രഭുവാണ് ഈ ദർബാർഹാളിലെ അതിഥിയായി എത്തിയ അദ്യ വൈസ്രോയി. ആനയും അമ്പാരിയും പട്ടാളക്കാരുടെ വെടിമുഴക്കങ്ങളുമായിട്ടായിരുന്നു സ്വീകരണം.പിന്നീട് കാലക്രമേണ സെക്രട്ടേറിയറ്റ് മന്ദിരം വിപുലീകരിച്ചു.
വലത്തും ഇടത്തുമായി കെട്ടിടങ്ങൾ വന്നു. എന്നിട്ടും സ്ഥലം പോരാതെ വന്നപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിനു പുറത്ത് 2 അനക്സ് മന്ദിരങ്ങൾ കൂടി നിർമിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

