ചാരുംമൂട്∙ റോഡിന്റെ വശങ്ങളിലെ കാടുകൾ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും വാസസ്ഥലമായി മാറുന്നു. കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഭീതിയുടെ നിഴലിൽ.
ചുനക്കര പഞ്ചായത്തിലെ ഏഴാംകുറ്റി–കൊന്നക്കോട് റോഡിന്റെ വശങ്ങളിലെ കാടുകളിലാണു കാട്ടുപന്നിയും ഇഴജന്തുക്കളും തമ്പടിച്ചിരിക്കുന്നത്. രാത്രി റോഡിലൂടെ പോകുന്നവരുടെ മുന്നിലൂടെ കാട്ടുപന്നികൾ കുറുകെ ചാടുന്നതു സ്ഥിരം സംഭവമാണ്.
റോഡിലെ കാടുകളിൽ പാമ്പുകളും ധാരാളമാണ്.
കാട് വളർന്നു കയറിയതോടെ കാൽനട യാത്രികർക്ക് വാഹനം വരുമ്പോൾ വശത്തേക്ക് ഒഴിഞ്ഞു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
സമീപത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ചുനക്കരയ്ക്ക് പോകുവാൻ നിരവധി വിദ്യാർഥികളടക്കം ആശ്രയിക്കുന്ന ഏക റോഡാണിത്.
റോഡരികിലെ കാട്ടിൽ മാലിന്യം വലിച്ചെറിയുന്നതും വ്യാപകമായിരിക്കുകയാണ്. ഇതു കാരണം തെരുവുനായ്ക്കളും ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
രാത്രിയാണ് മാലിന്യം കൊണ്ടിടുന്നത്. ആവശ്യാനുസരണം തെരുവുവിളക്കുകൾ ഇല്ലാത്തത് ഇതിനു സഹായകരമാകുന്നു. ചുനക്കര പഞ്ചായത്തിലെ കുറത്തികാട് പൊലീസ് സ്റ്റേഷനിലേക്കു പോകാനുള്ള പഞ്ചായത്ത് റോഡും ഇഴജന്തുക്കളുടെ വാസസ്ഥലമാണ്.
ഈ റോഡിന് കൂടുതൽ വളവുകളുള്ളതിനാൽ വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സ്ഥിതിയാണ്.
ഒരേ സമയം രണ്ട് വാഹനങ്ങൾ കടന്നു പോയാൽ ഒരു വാഹനം കാട്ടിലേക്ക് കയറേണ്ട അവസ്ഥയാണ്. പൊലീസ് സ്റ്റേഷന് സമീപമുള്ള കെഐപി സബ് കനാൽ കാടു മൂടിയിരിക്കുകയാണ്.
ഇവിടം കാട്ടുപന്നികളുടെ വാസസ്ഥലവുമാണ്. ഇവ സമീപ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിനാശവും വരുത്തുന്നു. പഞ്ചായത്തുകളുടെ ചെറിയ റോഡുകളിലെല്ലാം തന്നെ ഇരുവശങ്ങളിലും കാട് വളർന്നിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിച്ച് റോഡുകൾ സുരക്ഷിതമാക്കാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

