ചെറുതോണി∙ മരിയാപുരം പഞ്ചായത്ത് ഒൻപതാം വാർഡിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഇടുക്കി കോട്ടയിൽ സുരേന്ദ്രന്റെ വീടാണ് അപകടാവസ്ഥയിലായത്.
2018ൽ മഹാപ്രളയ കാലം മുതലാണ് സുരേന്ദ്രന്റെ വീടിന് മുൻവശത്ത് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. കൂലിപ്പണിക്കാരനായ സുരേന്ദ്രൻ ഇതിന് പ്രതിവിധി തനിയെ ചെയ്യാൻ ശ്രമിച്ചെങ്കിലും അർബുദ രോഗിയായ ഭാര്യയ്ക്കു രോഗം കലശലായതോടെ ഇതിനു കഴിഞ്ഞില്ല. മൂന്നുവർഷം മുൻപ് ഭാര്യ മരിച്ചു.
ഇതോടെ വിദ്യാർഥികളായ 2 മക്കളും സുരേന്ദ്രനും വീട്ടിൽ തനിച്ചായി. ഈ കാലത്തിനിടയിൽ വീടിന്റെ മുൻവശം പൂർണമായും തന്നെ ഇടിഞ്ഞുപോയി.
ഇപ്പോൾ അടിത്തറയോടു ചേർന്ന് ഇടിഞ്ഞ് വീടു തന്നെ പൂർണമായും അപകടാവസ്ഥയിലുമായി.
പിന്നാക്ക വിഭാഗത്തിൽപെടുന്ന സുരേന്ദ്രൻ ഇതിനിടയിൽ ഒട്ടേറെ തവണ പഞ്ചായത്തുതലം മുതൽ മന്ത്രിതലത്തിൽ വരെയും പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. സർക്കാരിൽനിന്നു ലഭിച്ച വീടാണ് സുരേന്ദ്രനുള്ളത്.
സംരക്ഷണ ഭിത്തി തകർന്നാൽ ധനസഹായത്തിന് അർഹത ഇല്ലെന്നും വീട് പൂർണമായും തകർന്നാൽ സഹായം എത്തിക്കാമെന്നുമാണ് റവന്യു ജീവനക്കാർ പറയുന്നത്. എന്നാൽ സുരക്ഷിതമല്ലാത്ത വീട്ടിൽ രണ്ടു മക്കളെയും കൊണ്ട് അപകടത്തിനായി കാത്തിരിക്കാനാവില്ലെന്നു സുരേന്ദ്രൻ പറയുന്നു. ഓരോ ദിവസവും മഴ പെയ്യുമ്പോഴും ഏറെ ഭീതിയോടെ കഴിയുന്ന കുടുംബത്തിനു സംരക്ഷണം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

