പുതുശ്ശേരി ∙ ബ്രൂവറിക്കായി ഭൂമി ഏറ്റെടുത്ത ഒയേസിസ് കമ്പനി എലപ്പുള്ളി മണ്ണുക്കാട് കെട്ടിട നിർമാണത്തിനായി കഞ്ചിക്കോട് നിഡാ ഗാർഡനു സമീപത്തെ വാളയാർ – കോരയാർ പുഴകളിൽ നിന്നു ടാങ്കറിൽ വെള്ളമെടുക്കാൻ അനുമതി തേടി സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തിൽ കത്തു നൽകി.
ഇന്നലെ ചേർന്ന പുതുശ്ശേരി ഭരണസമിതി യോഗത്തിൽ കത്തു ചർച്ചയ്ക്കു വന്നതോടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. ഒടുവിൽ വോട്ടെടുപ്പിൽ ഭൂരിപക്ഷം കിട്ടിയതോടെ അനുമതി നൽകാൻ പഞ്ചായത്ത് തീരുമാനിച്ചു.
കൃഷിക്കും ശുദ്ധജലത്തിനും ഉപയോഗിച്ചുവരുന്ന പുഴയിൽ നിന്നു ജലമെടുക്കുന്നത് അനുവദിക്കരുതെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ, ഭരണപക്ഷം ഇതിനെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ അജൻഡ ഭൂരിപക്ഷം നേടി പാസാക്കി. കമ്പനി നൽകിയ കത്ത് പ്രകാരം വെള്ളമെടുക്കാൻ അനുമതി നൽകാനും യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് അധ്യക്ഷ ഉൾപ്പെടെയുള്ള 7 സിപിഎം അംഗങ്ങളും 2 സ്വതന്ത്രരും ഉൾപ്പെടെ 9 അംഗങ്ങൾ കമ്പനിക്കു വെള്ളം കൊടുക്കുന്നതിനെ അനുകൂലിച്ചു.
സിപിഎമ്മിലെ 12ാം വാർഡ് മെംബർ ബിന്ദു ഗുണശേഖരൻ നിഷ്പക്ഷ തീരുമാനമെടുത്തു.
7 കോൺഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും അടങ്ങിയ 8 പ്രതിപക്ഷ അംഗങ്ങൾ വിഷയം എതിർത്തു വിയോജനക്കുറിപ്പും നൽകി. ആകെയുള്ള 23 അംഗങ്ങളിൽ 2 കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗവും സിപിഎം അംഗവും യോഗത്തിൽ കത്ത് ചർച്ചയ്ക്കു വരുമ്പോൾ ഹാജരുണ്ടായിരുന്നില്ല.
ഭൂരിപക്ഷം കിട്ടിയതോടെ പഞ്ചായത്ത് തീരുമാനം പാസാക്കി. ഈ മാസം 17 നാണ് കമ്പനി ആദ്യം ജലസേചന വകുപ്പിനും പിന്നീട് പുതുശ്ശേരി പഞ്ചായത്തിനും കത്തു നൽകിയിട്ടുള്ളത്.
നിർമാണത്തിനാവശ്യമായ മുഴുവൻ വെള്ളവും ഇവിടെ നിന്നു കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തിനു വെള്ളക്കടലാസിലാണു കമ്പനി അപേക്ഷ നൽകിയിട്ടുള്ളത്.
കമ്പനിയുടെ കത്ത് ഭരണസമിതി യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയില്ല. പകരം കത്തുകളും തപാലുകളും എന്ന ഉപ വിഭാഗത്തിലാണു മുന്നോട്ടു വച്ചത്.കാർഷികേതര ആവശ്യങ്ങൾക്കായി പുഴയിൽ നിന്നു വെള്ളമെടുക്കാൻ ഇതുവരെ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല.
കോരയാർ–വാളയാർ പുഴ കേന്ദ്രീകരിച്ചു ഒട്ടേറെ ശുദ്ധജല പദ്ധതികളും കാർഷിക ജലസേചന പദ്ധതികളുമുണ്ട്.
പലപ്പോഴും പുഴ വറ്റിയാൽ ശുദ്ധജലത്തിനു ടാങ്കർ വെള്ളമാണു പഞ്ചായത്ത് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണു മദ്യനിർമാണ കമ്പനിയുടെ കെട്ടിട
നിർമാണ ആവശ്യത്തിനു പുഴവെള്ളം നൽകാൻ പഞ്ചായത്തു തീരുമാനമെടുത്തത്. ഓയേസിസ് കമ്പനിയുടെ നിർമാണത്തിനായി വാളയാർ പുഴയിൽ നിന്നു വെള്ളമെടുക്കാൻ പഞ്ചായത്ത് അനുമതി നൽകിയാലും തടയുമെന്നും പൊതുജനങ്ങളെ പങ്കെടുപ്പിച്ചു പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും കോൺഗ്രസും ബിജെപിയും അറിയിച്ചു.
കമ്പനി തുടങ്ങുന്നതു മഴവെള്ള സംഭരണിയിലൂടെയാണെന്നാണ് അവകാശപ്പെടുന്നതെന്നും അതു പ്രായോഗികമല്ലാത്തതിനാൽ പുതുശ്ശേരിയിൽ നിന്നുള്ള പുഴ വെള്ളം ഊറ്റിയെടുക്കാനുള്ള തന്ത്രമാണിതെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചു.
ഇതോടെ എലപ്പുള്ളിയിൽ കോൺഗ്രസ് ഭരണസമിതി നടത്തുന്ന സമരം അടുത്ത ദിവസങ്ങളിൽ പുതുശ്ശേരിയിലേക്കും കടന്നേക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

