പെരുമ്പാവൂർ ∙ എഎം റോഡിൽ പാലക്കാട്ടുതാഴത്ത് റോഡ് ഇടിഞ്ഞത് ജലവിതരണ പൈപ്പ് പൊട്ടിയതു മൂലമാണെന്ന് വാട്ടർ അതോറിറ്റി സ്ഥിരീകരിച്ചു. മഴയിൽ റോഡ് ഇടിഞ്ഞ് പൈപ്പ് തകർന്നതാണെന്നു സംശയമുണ്ടായിരുന്നു.
കാഞ്ഞിരക്കാട് പ്ലാന്റിൽ നിന്നു വെങ്ങോല ചൂണ്ടമല ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന 250 എംഎം എസി പൈപ്പാണ് പൊട്ടിയത്. ഏകദേശം 18 മീറ്ററോളം പൈപ്പ് പൊട്ടി.
പുതിയ പൈപ്പ് സ്ഥാപിക്കൽ ഇന്നു തുടങ്ങും. ജലവിതരണം ഒന്നിന് പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
റോഡരിക് ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ പൈപ്പ് സ്ഥാപിക്കൽ ദുഷ്കരമാണെന്നു വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഉറപ്പുള്ള മണ്ണിലേക്ക് ഇരു വശവും 3 മീറ്റർ വീതം പൈപ്പുകൾ ഘടിപ്പിച്ച് ആകെ 25 മീറ്റർ പുതിയ പൈപ്പ് സ്ഥാപിക്കാനാണ് പദ്ധതി. ചെരിഞ്ഞ സ്ഥലത്തു നിന്നു പൈപ്പ് സ്ഥാപിക്കലും മണ്ണിടിയുന്നതും വെല്ലുവിളിയാണ്.
ഇതിന് യന്ത്ര സഹായം വേണം. റോഡ് ബലപ്പെടുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പിന്റെ സഹകരണം കൂടിയുണ്ടെങ്കിലെ പൈപ്പ് പുനഃസ്ഥാപിച്ച് ജലവിതരണം വേഗത്തിൽ പുനരാരംഭിക്കാൻ കഴിയുകയുള്ളു.
വെങ്ങോലക്ക് ദുരിതം
പൈപ്പ് പൊട്ടൽ മൂലം ജലവിതരണം മുടങ്ങുന്നത് പതിവായതിനാൽ വെങ്ങോല നിവാസികൾക്ക് എന്നും ദുരിതമാണ്.
പമ്പിങ് മെയിനാണ് മിക്കപ്പോഴും പൊട്ടുന്നത്. ഇതിനാൽ ദിവസങ്ങളോളം വെങ്ങോലയിൽ ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്.കാലഹരണപ്പെട്ട
പൈപ്പുകളാണ് പൊട്ടാൻ കാരണം. വെള്ളമൊഴുക്കിന്റെ മർദം താങ്ങാനാകാതെയാണ് ഇവ പൊട്ടുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഇതു വരെ യാഥാർഥ്യമായിട്ടില്ല. ജല ജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ ഇറക്കിയെങ്കിലും റോഡ് വെട്ടിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പൈപ്പിടാൻ കഴിഞ്ഞിട്ടില്ല.
എ എം റോഡിൽ പെരുമ്പാവൂർ മുതൽ പോഞ്ഞാശേരി വരെ പൈപ്പുകൾ പുതിയ പൈപ്പുകൾ റോഡരികിൽ കിടക്കുകയാണ്.
2023 നവംബറിൽ ഇവ ഇറക്കിയിട്ടതാണ്. കഴിഞ്ഞ 2 വർഷത്തിനിടയിൽ പെരുമ്പാവൂരിനും പോഞ്ഞാശേരിക്കും ഇടയിൽ എഎം റോഡിൽ 30 തവണ പഴയ പൈപ്പ് പൊട്ടി വെങ്ങോലയിലേക്കുള്ള ജലവിതരണം മുടങ്ങി.
കഴിഞ്ഞ ഞായറാഴ്ചയും പൊട്ടി.പുതിയ പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമേ ശരിയായ അളവിലും മർദത്തിലും വെങ്ങോലയിലേക്കു പമ്പിങ് നടത്താൻ കഴിയുകയുള്ളുവെന്നു വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

