പീച്ചി ∙ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ വിയോഗത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളുമായി പീച്ചി ഗ്രാമം. വയലാറിന് പ്രിയപ്പെട്ടതെന്നപോലെ വയലാർ ഈ നാടിനും ഏറെ പ്രിയപ്പെട്ടതായിരുന്നു.
പീച്ചിയിലെ സർക്കാർ അതിഥി മന്ദിരമായ പീച്ചി ഹൗസിലെ ഒന്നാം നമ്പർ മുറിയിൽ അദ്ദേഹം പല തവണയായി ഒട്ടേറെ ദിവസങ്ങളിൽ താമസിച്ചു. അവസാന വർഷം അമ്മയോടും ഭാര്യയോടും മക്കളോടുമൊപ്പം ഒരു മാസത്തോളം പീച്ചി ഹൗസിൽ താമസിച്ചു. അദ്ദേഹം ആദ്യമായി എഴുതിയ തിരക്കഥയായ ‘കചദേവയാനി’യുടെ രചനയ്ക്കു വേണ്ടിയാണ് പീച്ചി ഹൗസിൽ എത്തിയത്.
കചനായി കമലഹാസനും ദേവയാനിയായി ശ്രീദേവിയും ശുക്രാചാര്യരായി അടൂർഭാസിയും അഭിനയിക്കുമെന്നായിരുന്നു ധാരണ. എന്നാൽ പിന്നീട് തിരക്കഥയ്ക്ക് എന്തു സംഭവിച്ചുവെന്ന കാര്യം സിനിമാ മേഖലയ്ക്ക് ഇന്നും അജ്ഞാതമാണ്. 1973ലെ ‘പണിതീരാത്ത വീട്’ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ പ്രശസ്തമായ ‘നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ’ എന്ന ഗാനത്തിന്റെ ആദ്യ നാലുവരി അദ്ദേഹം പീച്ചി ഹൗസിൽ താമസിക്കുമ്പോഴാണ് എഴുതിയതെന്നു പീച്ചിയിലെ നാട്ടുകാർ ഓർക്കുന്നു.
പീച്ചി സ്വദേശിയായ ചെമ്പകശേരി വിജയനുമായും പീച്ചി ഡാമിലെ ഒട്ടേറെ ജീവനക്കാരുമായും വയലാറിന് അടുപ്പമുണ്ടായിരുന്നു.
2023ൽ പീച്ചി ഗവ.സ്കൂളിലെ റിട്ട. അധ്യാപിക സവിത പ്രകാശിന്റെ ആതിഥേയത്വത്തിൽ പീച്ചിയിൽ വയലാറിന്റെ കുടുംബം എത്തിയിരുന്നു. വയലാർ രാമവർമയുടെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളായ ഇന്ദുലേഖയും യമുനയും യമുനയുടെ ഭർത്താവ് പ്രസാദ് വർമയും ഇന്ദുലേഖയുടെ മകൾ കവിതയും അദ്ദേഹം താമസിച്ച മുറിയിൽ ഒരു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

