മൺറോത്തുരുത്ത് ∙ കേന്ദ്രമന്ത്രി എത്തി ഉദ്ഘാടനം ചെയ്തിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രം പൊതുജനങ്ങൾക്കായി തുറക്കാൻ കഴിയാതെ പഞ്ചായത്ത് ഭരണസമിതി. ആധുനിക സജ്ജീകരണങ്ങളോടെ കണ്ട്രാംകാണി വാർഡിൽ നിർമിച്ച കെട്ടിടം കഴിഞ്ഞ 23നു കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ് ഉദ്ഘാടനം ചെയ്തത്.
കൊടിക്കുന്നിൽ സുരേഷ് എംപിയായിരുന്നു അധ്യക്ഷൻ. അഗ്നിരക്ഷാ സേനയുടെ അനുമതി ലഭിച്ചില്ലെന്നു കാട്ടി പഞ്ചായത്ത് സെക്രട്ടറി ജി.വി.ജയകുമാർ പുതിയ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല.
പ്രാദേശിക ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായി ചേർന്നാണു കെട്ടിടത്തിന് നമ്പർ നൽകാത്തത് എന്നാണു പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം.
നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണു കെട്ടിടം നിർമിച്ചത്. നിർമാണ ചുമതലയുണ്ടായിരുന്ന നിർമിതി കേന്ദ്രത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും എൽഎസ്ജിഡി എഇയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചതോടെ പഞ്ചായത്ത് കമ്മിറ്റി കൂടി ഉദ്ഘാടനം നിശ്ചയിച്ചു. ദേശീയ സ്ഥാപനത്തിന്റെ ഫണ്ട് ആയതിനാൽ കേന്ദ്ര മന്ത്രി, എംപി, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി, എംഎൽഎ തുടങ്ങിയവരെ പങ്കെടുപ്പിക്കണമെന്നും കമ്മിറ്റിയിൽ തീരുമാനമായി.
എന്നാൽ, ഇടതു നേതാക്കൾ ഇടപെട്ട് എംഎൽഎ, സംസ്ഥാന ആരോഗ്യ മന്ത്രി, ഡിഎംഒ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയായിരുന്നു എന്ന് ആരോപണമുണ്ട്.
നിലവിൽ വില്ലിമംഗലം സബ് സെന്ററിലാണ് പിഎച്ച്സി പ്രവർത്തിക്കുന്നത്. 70 വർഷത്തോളം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്ന് എൽഎസ്ജിഡി എഇ റിപ്പോർട്ട് നൽകിയിരുന്നു.
മേൽക്കൂര ദ്രവിച്ച് ഓടുകൾ ഇളകിയ നിലയിലാണ്. 2 തവണ ഇവിടെ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തവും ഉണ്ടായിട്ടുണ്ട്.
ഇതു കാരണം ഡോക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ കിടത്തി ചികിത്സ ഇല്ലാത്തതിനാൽ പുതിയ കെട്ടിടത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിരുന്നു.
തുടർന്നും പഞ്ചായത്ത് സെക്രട്ടറി കെട്ടിടം തുറക്കാൻ അനുവദിക്കാത്തത് അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയപ്രേരിതമായി കെട്ടിടത്തിന്റെ താക്കോൽ ഡിഎംഒ പഞ്ചായത്തിന് കൈമാറിയിട്ടില്ലെന്നും ആരോപണമുണ്ട്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കു പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അറിയിച്ചു.
പ്രോട്ടോക്കോൾ ലംഘനം; പരാതിയുമായി എംപി
∙ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത മൺറോത്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ നിന്നു രാഷ്ട്രീയപ്രേരിതമായി വിട്ടുനിന്ന ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭാ സ്പീക്കർക്കു പരാതി നൽകി. എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. ദേവ്കിരൺ, ഡിഎംഒ ഡോ.
എം.എസ്.അനു എന്നിവരാണ് ഉദ്ഘാടനയോഗത്തിൽ നിന്നു വിട്ടുനിന്നത്. കൂടാതെ എൻഎച്ച്എമ്മിലെ മറ്റു ജീവനക്കാരെയും പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇവർ വിലക്കിയതായും പരാതിയിൽ പറയുന്നു. ഇതു കേന്ദ്ര മന്ത്രിയെയും എംപിയായ തന്നെയും മനഃപൂർവം അവഹേളിക്കാൻ വേണ്ടി ചെയ്തതാണെന്നും പ്രോട്ടോക്കോൾ ലംഘനത്തിന് ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

