തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ തൽക്കാലത്തേക്ക് മുടങ്ങില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിലുള്ള കുടിശ്ശിക തീർക്കാൻ വിതരണക്കാർ സർക്കാരിന് പത്ത് ദിവസം കൂടി സാവകാശം അനുവദിച്ചു.
ഇതോടെ പ്രതിസന്ധിക്ക് താത്കാലിക ശമനമായി. ഉപകരണങ്ങൾ തിരിച്ചെടുക്കരുതെന്ന ആശുപത്രി അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് വിതരണക്കാരുടെ ഈ തീരുമാനം.
വിതരണക്കാർ ഇന്ന് വൈകിട്ട് അടിയന്തര യോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്.
കുടിശ്ശിക തീർക്കാൻ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ, സ്റ്റെന്റ് ഉൾപ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് പൂർണ്ണമായി തിരിച്ചെടുക്കുമെന്ന് വിതരണക്കാർ അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പത്ത് ദിവസത്തെ സാവകാശം നൽകിയത്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ നാല് ആശുപത്രികളിലേക്കും പുതിയ സ്റ്റോക്ക് വിതരണം ചെയ്യുന്നത് നിർത്തിവെച്ചിരുന്നു. ഇത് ഹൃദയ ശസ്ത്രക്രിയകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മാർച്ച് വരെയുള്ള കുടിശ്ശിക പൂർണ്ണമായി നൽകണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ആകെ 159 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നതിൽ 30 കോടിയോളം രൂപ മാത്രമാണ് സർക്കാർ ഇതുവരെ നൽകിയത്.
അടിയന്തരമായി 100 കോടി രൂപയെങ്കിലും നൽകി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

