മുഹമ്മ∙ ഹംപ് നിർമിക്കാത്തതിനാൽ മുഹമ്മ-കഞ്ഞിക്കുഴി റോഡിലെ കഞ്ഞിക്കുഴി പാലം ജംക്ഷൻ നിത്യേന അപകടങ്ങൾ സംഭവിക്കുന്നു. എഎസ് കനാലിന് അരികിലെ നാലും കൂടിയ ഈ ജംക്ഷനിൽ ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല.
പാലത്തിനു കിഴക്കുവശത്തു കൂടി പുത്തൻതോടിനു സമാന്തരമായുള്ള റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കിയതോടെയാണു ജംക്ഷനിൽ അപകടങ്ങൾ കൂടിയത്.
ദേശീയപാതയിൽ കഞ്ഞിക്കുഴി ജംക്ഷനു 150 മീറ്റർ വടക്കു മാറി പെട്രോൾ പമ്പിനു സമീപത്തു നിന്നാരംഭിക്കുന്ന കനാൽ റോഡ് ആലപ്പുഴ നഗരത്തിലേക്കുള്ള യാത്രക്കാർക്ക് എളുപ്പമാർഗമാണ്. അതിനാൽ റോഡിൽ ഗതാഗതവും കൂടുതലാണ്.
കഞ്ഞിക്കുഴി പാലം ജംക്ഷനിലെ നാലുവശങ്ങളും കച്ചവടക്കാർ കയ്യടക്കിയതോടെ തെക്കു വടക്കു ഭാഗങ്ങളിൽ നിന്നു പ്രധാനറോഡിലേക്കു വരുന്ന വാഹനങ്ങൾക്ക് കഞ്ഞിക്കുഴി -മുഹമ്മ റൂട്ടിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ വരുന്നു.
ഇതാണ് അപകടത്തിന് പ്രധാന കാരണം. കാൽനടയാത്രക്കാർ വാഹനങ്ങളുടെ പരക്കംപാച്ചിലിൽ അപകട ഭീഷണിയിലാണ്.
കനാൽ റോഡിൽ ഇരു ഭാഗങ്ങളിലും ഹംപ് സ്ഥാപിച്ചു വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുകയും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന സമീപത്തെ അനധികൃത കടകൾ പൊളിച്ചു നീക്കുകയും ചെയ്താൽ ഇവിടെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി പാലം ജംക്ഷനിൽ ഹംപ് സ്ഥാപിക്കണമെന്നു കാണിച്ചു പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു മാസങ്ങൾക്കു മുൻപ് മാരാരിക്കുളം പൊലീസ് കത്ത് നൽകിയിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് ആകട്ടെ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

