പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപമുള്ള ബാരുപൂരിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നാട്ടുകാരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിയെ തല്ലിക്കൊല്ലുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പ്രസ്തുത മേഖലയിൽ വലിയ തോതിലുള്ള പ്രതിഷേധവും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ബാരുപൂരിലെ സൂര്യപുർ പ്രദേശത്താണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്.
ശനിയാഴ്ച ഉച്ചയോടെ കൂട്ടുകാരിയുടെ ജന്മദിന സമ്മാനം വാങ്ങാനായി വീട്ടിൽ നിന്നും പുറപ്പെട്ട പെൺകുട്ടി പിന്നീട് മടങ്ങിയെത്തിയിരുന്നില്ല.
നാലംഗ സംഘം കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. രാത്രി മുഴുവൻ നീണ്ട
തിരച്ചിലുകൾക്കൊടുവിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് കൃത്യമായി പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
ഞായറാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയാണെന്ന വിവരം പുറത്തറിയുന്നത്.
തുടർന്ന് സൂര്യപുർ ഹാട്ട് പ്രദേശത്തെ കുളത്തിന് സമീപത്ത് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടതോടെ പ്രകോപിതരായ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് പ്രതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ബാരുപുർ-ജോയ്നഗർ റോഡ് നാട്ടുകാർ ഉപരോധിച്ചു.
ടയറുകൾ കത്തിച്ചും നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്തുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം നിയന്ത്രിക്കാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ഐജി കങ്കർപ്രസാദ് ബറൂയി, നിയമപരമായ നടപടികൾ വേഗത്തിലാക്കുമെന്നും റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും പിടികൂടുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി ശക്തമായ തിരച്ചിൽ തുടരുകയാണെന്നും ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

