കൊരട്ടി ∙ ദേശീയപാതയിൽ മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള ഭാഗത്തെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കണമെന്നു സബ് കലക്ടർ അഖിൽ വി.മേനോൻ ദേശീയപാത അതോറിറ്റി അധികൃതരോടു നിർദേശിച്ചു. രണ്ടിടത്തും അടിപ്പാതയുടെ അനുബന്ധ റോഡ് നിർമാണത്തിനായി കുഴിക്കുന്ന ഭാഗത്തു കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കാനും അവ രാത്രിയിലും തിരിച്ചറിയാവുന്ന വിധത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാനും നിർദേശിച്ചു. അപകടാവസ്ഥയുള്ള ഭാഗങ്ങളിൽ ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും നിർദേശിച്ചു.
കുഴിക്കുന്ന സ്ഥലങ്ങളിൽ അപകടം ഒഴിവാക്കാൻ സുരക്ഷാവേലി ഒരുക്കണം.
ഡ്രെയ്നേജുകൾക്കു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ പലതും തകർച്ചയുടെ വക്കിലെത്തിയതിനാൽ അവ മാറ്റി സ്ഥാപിക്കണമെന്നും നിർദേശം നൽകി. സർവീസ് റോഡുകളിൽ ഉൾപ്പെടെ കുഴികൾ രൂപപ്പെട്ടാൽ ഉടൻ തന്നെ പരിഹരിക്കണമെന്നും നിർദേശിച്ചു.
തുടർച്ചയായി ഇക്കാര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.ഡിവൈഎസ്പി പി.സി.ബിജുകുമാർ, കൊരട്ടി എസ്എച്ച്ഒ അമൃത്രംഗൻ, മോട്ടർ വാഹന വകുപ്പ് ആർടിഒ അനന്തകൃഷ്ണൻ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.അശോക്കുമാർ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, എൻജിനീയർ എ.അമൽ എന്നിവരും എത്തിയിരുന്നു. സബ് കലക്ടർ സന്ദർശനത്തിന് എത്തിച്ചേരുന്ന സമയത്തും ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നു. ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ കുരുക്കിൽ നിന്നു രക്ഷപ്പെടാനായി ഏറെനേരം കാത്തു നിൽക്കേണ്ടി വന്നു.
സർവീസ് റോഡ് ടാറിങ് തുടങ്ങി
ദേശീയപാതയിൽ മേൽപാലം നിർമാണത്തിനു മുന്നോടിയായി സർവീസ് റോഡുകളുടെ ടാറിങ് ആരംഭിച്ചു.
എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിൽ (ദേശീയപാതയുടെ പടിഞ്ഞാറു ഭാഗം) ജംക്ഷൻ മുതൽ വടക്കു ഭാഗത്തേക്കു അപ്രോച്ച് റോഡിന്റെ ലാൻഡിങ് എത്തുന്ന ഭാഗം വരെയാണു ടാറിങ് നടത്തിയത്. ഇടയ്ക്കെത്തിയ അപ്രതീക്ഷിത മഴ ടാറിങ്ങിനെ ബാധിച്ചു.
ഈ ഭാഗം ടാറിങ് പൂർത്തിയായ ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള പാതയിൽ (ദേശീയപാതയുടെ കിഴക്കു ഭാഗം) സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല.
ഇരുദിശകളിലേക്കുമുള്ള സർവീസ് റോഡിന്റെ ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം വാഹനങ്ങൾ ഇതിലൂടെ തിരിച്ചുവിടാനാണു പദ്ധതി. അതിനുശേഷം ദേശീയപാതയുടെ പ്രധാന ഭാഗം പൊളിച്ചു മേൽപാലം നിർമാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊരട്ടി മുത്തിയുടെ തിരുനാൾ പതിനഞ്ചാമിടം കഴിയുന്നതോടെ ഇതിന്റെ ജോലികൾ നടത്താനാകുമെന്നാണു പ്രതീക്ഷ. മേൽപാലത്തിന്റെ അനുബന്ധ നിർമാണ ജോലികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

