കുണ്ടറ∙ ചുറ്റും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരമായതോടെ അപകട ഭീതിയിലായി പ്രദേശവാസികൾ.
ഇളമ്പള്ളൂർ പഞ്ചായത്ത് 5 അംബിപൊയ്ക വാർഡിൽ കുണ്ടറ പള്ളിമുക്കിലെ ക്ഷീര കർഷക പരിശീലന കേന്ദ്രത്തിനായി നിർമിച്ച കെട്ടിടവും പരിസരവുമാണു പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത്. 2007- 08 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവാക്കി നിർമിച്ച ഇരുനില കെട്ടിടമാണ് പഞ്ചായത്തിന്റെ മാലിന്യ ശേഖരണ കേന്ദ്രമായി മാറിയത്.പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കാനാണ് കെട്ടിടം ഉപയോഗിക്കുന്നത്.
ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ചാക്കിൽ നിറച്ച് കെട്ടിടത്തിന്റെ ചുറ്റും കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യം കുന്നുകൂടിയത് മൂലം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതായി സമീപവാസികൾ പരാതിപ്പെടുന്നു. പ്രദേശത്ത് ഇഴജന്തുക്കളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു .
പൊട്ടിയ കുപ്പികൾ, ചില്ലുകൾ എന്നിവ വീടുകളിലേക്കുള്ള വഴികളിൽ ചിതറി കിടക്കുകയാണ്. പൊട്ടിയ ട്യൂബ് ലൈറ്റുകളിൽ നിന്നുള്ള പൊടി മഴവെള്ളത്തിൽ ഒലിച്ച് കിണറുകളിൽ എത്തുമെന്ന ഭീതിയും ജനങ്ങൾക്കുണ്ട്.
ഇവ രാസമാലിന്യമായതിനാൽ സുരക്ഷിതമായി നീക്കം ചെയ്യേണ്ടതാണ്.
മാസങ്ങൾക്ക് മുൻപ് പേരയം പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീ പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഇവിടെ അതുപോലെ അപകടമുണ്ടായാൽ വൻ ദുരന്തമാകും ഉണ്ടാവുക.ഇതിനോട് ചേർന്നുള്ള ഒറ്റ മുറി കെട്ടിടത്തിലാണ് അംബിപൊയ്ക വാർഡിന്റെ അങ്കണവാടി പ്രവർത്തിക്കുന്നത്.
ഈ മാലിന്യ കൂമ്പാരത്തിനിടെയിലാണു കുട്ടികൾ ഇരിക്കുന്നത്. അങ്കണവാടി മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം ഉണ്ടെങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
പ്രദേശവാസികൾ ഒട്ടേറെ തവണ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അധികാരികളോട് പരാതിപ്പെട്ടിട്ടും യാതൊരു മറുപടിയോ പ്രതികരണമോ നൽകിയിട്ടില്ല . മാലിന്യം അടിയന്തരമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

