കോയമ്പത്തൂർ∙ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ ജി.ഡി.നായിഡു മേൽപാലത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോരാട്ടം തുടരുകയാണ്. വെള്ളിയാഴ്ച ഉപ്പിലിപ്പാളയത്തു മേൽപാലത്തിന് അവകാശം ഉന്നയിച്ച് അണ്ണാ ഡിഎംകെ സ്വന്തം നിലയ്ക്ക് ഉദ്ഘാടനം നടത്താൻ തീരുമാനിക്കുകയും പിന്നീട് പൊലീസിന്റെ കർശന നിർദേശം കാരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
എങ്കിലും പാലത്തിൽ അതിക്രമിച്ചു കയറി ആഹ്ലാദപ്രകടനം നടത്തിയ മുൻ മന്ത്രി അടക്കമുള്ള എംഎൽഎ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.
അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ എസ്.പി.വേലുമണി എംഎൽഎ, കോയമ്പത്തൂർ ജില്ലാ സെക്രട്ടറിമാരായ അമ്മൻ കെ. അർജുനൻ, പി.ആർ.ജി.അരുൺകുമാർ, എസ്.ദാമോദരൻ, കെ.ആർ.ജയരാമൻ ഉൾപ്പെടെയുള്ള 9 എംഎൽഎമാർക്കെതിരെയാണു റേസ് കോഴ്സ് പൊലീസ് ഗതാഗതം സ്തംഭിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ ഉൾപ്പെടെ നാലു വകുപ്പുകളിലായി കേസെടുത്തത്.
ഇതുപോലെ ഗോൾഡ് വിൻസ് ഭാഗത്തു ഗതാഗതസ്തംഭനം ഉൾപ്പെടെ പൊതുജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കിയതിന് എസ്.പി.വേലുമണി ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കെതിരെയും പീളമേട് പൊലീസ് കേസെടുത്തു.
ഇതിനിടെ പാലത്തിനു മുകളിൽ ഗതാഗതം സുഗമമാവുകയും താഴെ രൂക്ഷമായ ഗതാഗതസ്തംഭനം തുടരുകയുമാണ്. 10 മിനിറ്റു കൊണ്ടു പാലത്തിനു മുകളിൽ 10 കിലോമീറ്റർ കടക്കാമെങ്കിലും താഴേക്കുള്ള റാംപിൽക്കൂടി ഇറങ്ങി റോഡിലെത്തണമെങ്കിൽ അര മണിക്കൂറോളം കാത്തിരിക്കേണ്ട
അവസ്ഥയാണ് മേൽപാലം തുറന്നു മൂന്നാം ദിനവും തുടരുന്നത്. ഇതുവരെ ഉപ്പിലിപ്പാളയം മുതൽ വിമാനത്താവളം വരെ 12 സിഗ്നലുകളിൽ ഏതാനും പൊലീസുകാരാണു ഗതാഗതം നിയന്ത്രിച്ചിരുന്നത്.
മേൽപാലം തുറന്നതോടെ അവിനാശി റോഡിലും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന റോഡിലും ഗതാഗതക്കുരുക്കഴിക്കാൻ ഇരുപത്തഞ്ചോളം ട്രാഫിക് പൊലീസുകാരാണു പുതിയതായി രംഗത്തിറങ്ങിയിട്ടുള്ളത്. മേൽപാലത്തിനു മുകളിൽ നിന്നു നിമിഷങ്ങൾക്കകം എത്തുന്ന വാഹനങ്ങൾ താഴെ കൂട്ടമായി ഒത്തുചേരുന്നതാണു നിലവിലുള്ള ഗതാഗതക്കുരുക്കിനു പ്രധാന കാരണം. സിറ്റി ട്രാഫിക് പൊലീസ് ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇതുവരെയും തല പുകച്ചുകൊണ്ടിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

