കൂറ്റനാട് ∙ പാതയോരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകൾ ഉപയോഗപ്പെടുത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമയ്ക്കു തിരിച്ചുകിട്ടി.
തൃത്താല മേഴത്തൂർ സ്വദേശി പട്ടിക്കര വളപ്പിൽ പി.വി.വിഷ്ണുവിന്റെ അരപ്പവൻ വരുന്ന സ്വർണാഭരണം ശനിയാഴ്ച കൂറ്റനാട് വച്ചു നഷ്ടപ്പെട്ടിരുന്നു. കൂറ്റനാട്ടേക്കുള്ള യാത്രയിലാണു വെള്ളി കെട്ടിയ രുദ്രാക്ഷമാലയും സ്വർണ ലോക്കറ്റും നഷ്ടമായത്.
വിഷ്ണു ചാലിശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.അരവിന്ദാക്ഷനും സംഘവും പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂറ്റനാട് ഗ്രാമീൺ ബാങ്ക് പരിസരത്തുള്ള നിരീക്ഷണ ക്യാമറയിൽ സ്വർണാഭരണം ഒരാൾ റോഡിൽ നിന്ന് എടുക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
പിന്നീട് ബാങ്കിലെ ക്യാമറയിൽ നിന്നു സ്വർണം ലഭിച്ച കൊപ്പത്തുള്ള ആളെ പൊലീസ് കണ്ടെത്തുകയും ഇയാളിൽ നിന്നു സ്വർണാഭരണവും മാലയും തിരിച്ചു വാങ്ങുകയുമായിരുന്നു.
ആഭരണം കണ്ടെത്താനായി പൊലീസ് അഞ്ചോളം നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും കൂറ്റനാടും പരിസരത്തും കച്ചവട സ്ഥാപനങ്ങളിൽ നിന്നു വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.
പൊലീസിനു ലഭിച്ച സ്വർണാഭരണം ചാലിശ്ശേരി സ്റ്റേഷനിൽ വച്ച് ഉടമയ്ക്കു കൈമാറി. സിവിൽ പൊലീസ് ഓഫിസർമാരായ ആദർശ്, രാജൻ, പി.എസ്.രഞ്ജിത്ത് എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഉടമയ്ക്കു സ്വർണം തിരിച്ചുകിട്ടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

