കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി പുല്ലൂറ്റ് കനോലി കനാൽ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ണെടുപ്പ് പുല്ലൂറ്റ് പാലത്തിനും വി.പി.തുരുത്തിനും ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നു. പുല്ലൂറ്റ് കനോലി കനാലിൽ പുല്ലൂറ്റ് പാലത്തിനു സമീപവും ഉഴുവത്തുകടവിനു സമീപവും പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലെ വി.പി.തുരുത്തിനു സമീപവുമാണ് മണൽ ഖനനം നടക്കുന്നത്. മൂന്നിടത്തും ഡ്രജർ എത്തിച്ചു മണൽ ഖനനം ചെയ്തു പൈപ്പ് മാർഗം മണൽ കരയിൽ എത്തിക്കുകയാണ്.
രണ്ടിടത്തു നിന്നുള്ള മണൽ ജില്ലയിലെ ദേശീയപാത നിർമാണത്തിനും ഒരിടത്തെ മണൽ എറണാകുളം ജില്ലയിലെ ദേശീയപാത നിർമാണത്തിനുമാണ് കൊണ്ടു പോകുന്നത്. ദിവസവും നൂറു കണക്കിന് ടൺ മണൽ പുഴയിൽ നിന്നു കോരി എടുക്കുന്നുണ്ട്. വി.പി.തുരുത്തിനു സമീപം എടമുക്ക് ഭാഗത്തു കരയിൽ മണൽ ശേഖരിക്കുന്നുണ്ട്.
ഇവിടെ നിന്നു ഓരോ ദിവസം 50 ലോഡ് മണൽ ആണ് കൊണ്ടുപോകുന്നത്.
അനധികൃത മണൽ കടത്തും ഖനനവും തടയാൻ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തെ കുറിച്ചു അറിയില്ലെന്നാണ് മറുപടി. സർക്കാർ ഉത്തരവ് പ്രകാരം ഇറിഗേഷൻ വകുപ്പാണ് മണൽ ഖനനം നിയന്ത്രിക്കേണ്ടത്.
എത്ര മണൽ എടുക്കാൻ നിർദേശം നൽകിയെന്നോ ഇതുവരെ എത്ര മണൽ ഖനനം ചെയ്തെന്നോ ഉദ്യോഗസ്ഥർക്കു ധാരണയില്ല.
3.25 ലക്ഷം ക്യുബിക് മീറ്റർ മണൽ എടുക്കാനാണ് കമ്പനിക്കു അനുമതി നൽകിയെന്നാണ് സൂചന. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പുല്ലൂറ്റ് പാലത്തിന് മണ്ണെടുപ്പ് ഭീഷണിയായി മാറുമെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ജീർണാവസ്ഥയിലുള്ള പാലത്തിനു മീറ്ററുകൾ മാത്രം അകലെയാണ് മണൽഖനനം നടക്കുന്നത്.
പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിൽ നിന്നു പരമ്പരാഗത മണൽവാരൽ തൊഴിലാളികൾ മണൽ വാരുന്നതിനെ ശക്തമായി എതിർത്ത് നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥ സംഘം ഇൗ മണൽ ഖനനത്തെക്കുറിച്ച് മൗനം പാലിക്കുന്നതിൽ ജനങ്ങൾ രോഷാകുലരാണ്. ഒട്ടേറെ തൊഴിലാളികൾ മണൽ കടത്ത് എന്ന പേരിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളും വള്ളങ്ങളും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലും നിയമ നടപടിയിലും നശിച്ചു പോയിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
ദൂരപരിധി ലംഘിച്ച മണലെടുപ്പ് തടഞ്ഞു
കൊടുങ്ങല്ലൂർ ∙ കനോലി കനാലിൽ പുല്ലൂറ്റ് പാലത്തിനു സമീപം ദൂരപരിധി ലംഘിച്ച മണലെടുപ്പ് അധികൃതർ തടഞ്ഞു. മുന്നൂറു മീറ്റർ ദൂരപരിധി ലംഘിച്ചുള്ള മണലെടുപ്പ് തടയാൻ നിർദേശം നൽകിയതായി വി.ആർ.സുനിൽ കുമാർ എംഎൽഎ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിച്ച ശേഷമായിരുന്നു എംഎൽഎയുടെ നിർദേശം. ദേശീയപാത നിർമാണത്തിനു വേണ്ടി മണലെടുപ്പ് പുല്ലൂറ്റ് പാലത്തിനു ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നതോടെ ആണ് എംഎൽഎ ഇടപെട്ടത്.
പുല്ലൂറ്റ് പാലത്തിനു സമീപം മണൽ എടുക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടും റവന്യു അധികൃതർ അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്തില്ല.
തുടർന്നാണു പരിസ്ഥിതി പ്രവർത്തകൻ ഇസാബിൻ അബ്ദുൽ കരീം രംഗത്തെത്തിയത്. ഇതേസമയം, വി.പി.
തുരുത്തിൽ മണൽഖനനം തുടരുകയാണ്. വി.പി.തുരുത്തിൽ നിന്നു 600 മീറ്റർ മാറിയാണ് മണൽ ഖനനം എന്നാണ് അധികൃതർ പറയുന്നത്.
ആശങ്ക പരിഹരിക്കണം
കൊടുങ്ങല്ലൂർ ∙ പുല്ലൂറ്റ് കനോലി കനാലിലും വി.പി.തുരുത്ത് കാഞ്ഞിരപ്പുഴയിലും ദേശീയപാത നിർമാണത്തിനു വേണ്ടി നിയന്ത്രണമില്ലാതെ മണൽ വാരൽ പുല്ലൂറ്റ് പാലത്തിനും വിപി തുരുത്തിനും അപകടം ഉണ്ടാക്കുമെന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

