ദില്ലി: കേരളത്തിൽ കോൺഗ്രസ്സും സിപിഎമ്മും നടത്തുന്ന ക്ഷേത്രക്കൊള്ളകൾക്ക് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.
ദശാബ്ദങ്ങളായി കേരളം ഭരിക്കുന്ന ഇരുമുന്നണികളും ഇവിടുത്തെ സാധാരണക്കാർ, കർഷകർ, വ്യാപാരികൾ, വ്യവസായികൾ എന്നിവരെയെല്ലാം നിരന്തരം ചൂഷണം ചെയ്യുകയാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളിൽ നിന്നുപോലും ഈ പാർട്ടികൾ പണം തട്ടുന്നു.
ഇതിന്റെ തുടർച്ചയാണ് ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡുകളിലും നടക്കുന്ന അഴിമതികൾ വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ടുകൾ. ഇത് ഒരു തരത്തിലും അംഗീകരിക്കാനോ പൊറുക്കാനോ സാധിക്കില്ല.
അഴിമതിയുടെയും ചൂഷണത്തിന്റെയും വിഷയത്തിൽ കോൺഗ്രസ്സും സിപിഎമ്മും ഇരട്ടകളാണെന്ന് ഇതോടെ തെളിയുകയാണ്. ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണം ഭക്തർക്ക് വിട്ടുകൊടുക്കുന്നതിനെ ഇരുപാർട്ടികളും ഒരുപോലെ എതിർക്കുന്നതിന്റെയും നിയന്ത്രണം സർക്കാരിൽ നിലനിർത്താൻ ശ്രമിക്കുന്നതിന്റെയും യഥാർത്ഥ കാരണം ഇപ്പോഴാണ് വ്യക്തമാകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഹിന്ദുക്കൾക്കും ആരാധനാലയങ്ങൾ ഭരിക്കാൻ അവകാശമുണ്ട് മറ്റെല്ലാ മതവിഭാഗങ്ങൾക്കും സ്വന്തം ആരാധനാലയങ്ങൾ കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത്, ഹൈന്ദവ സമൂഹത്തോട് മാത്രം ഈ വിവേചനം കാണിക്കുന്നത് എന്തിനാണെന്ന് ഗൗരവമായി ചിന്തിക്കണം. ശബരിമലയിൽ ഇത്തരമൊരു കൊള്ള നടന്നിട്ടുണ്ടെങ്കിൽ, കേരളത്തിലെ എത്രയെത്ര പ്രധാന ക്ഷേത്രങ്ങൾ സമാനമായ രീതിയിൽ കൊള്ളയടിക്കപ്പെടുന്നുണ്ടാകാം എന്ന് നാം ഓർക്കണം.
അവയെല്ലാം രാഷ്ട്രീയ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കാമെന്നതിൽ സംശയമില്ല. ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരായ ഈ ചൂഷണങ്ങൾ ഓരോ മലയാളിയും തിരിച്ചറിയണമെന്നും ഇതിന് ഉത്തരവാദികളായവരോട് ഒരിക്കലും ക്ഷമിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അയ്യപ്പഭക്തരെ സിപിഎം വഞ്ചിച്ചു ഹൈന്ദവ വിശ്വാസത്തോടും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരോടും സിപിഎം കാണിച്ചത് പൊറുക്കാനാവാത്ത വഞ്ചനയാണെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു. 2018-ൽ ശബരിമലയുടെ പവിത്രതയും ആചാരങ്ങളും തകർക്കാനാണ് അവർ ശ്രമിച്ചത്.
ഇതിനെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇപ്പോൾ അതേ സിപിഎം ജനങ്ങളെ കബളിപ്പിക്കാനായി അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു.
ഇതെല്ലാം നടക്കുന്നത് ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം മോഷണം പോയെന്ന വാർത്തകൾക്കിടെയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം അഴിമതി നിറഞ്ഞതും ഹിന്ദുവിരുദ്ധവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
അവർക്ക് യാതൊന്നും പവിത്രമല്ല. ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവർക്ക് ന്യായീകരിക്കാനാവുന്ന ഒന്നാണ്.
അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മും കോൺഗ്രസ്സും പരസ്പരം മത്സരിക്കുകയാണ്. ഈ സർക്കാർ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജൻസികൾ കൃത്യമായ അന്വേഷണം നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

