മുണ്ടക്കയം ഈസ്റ്റ്∙ നൂറാം വാർഷികം ആഘോഷിക്കുന്ന ഒരു ഹയർ സെക്കൻഡറി സ്കൂൾ, ആരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫിസ് തുടങ്ങിയവ ഒക്കെയുള്ള ജില്ലാ അതിർത്തിയിലെ ഗ്രാമമാണ് കൊക്കയാർ പഞ്ചായത്തിലെ 10–ാം വാർഡിലെ കുറ്റിപ്ലാങ്ങാട്. 200 വർഷം മുൻപ് മുതൽ മനുഷ്യവാസമുള്ള ഈ സ്ഥലം പക്ഷേ, ഇപ്പോഴും വനം ആണെന്നാണ് സർക്കാർ രേഖകൾ പറയുന്നത്.
ഇതോടെ കൃഷി ഭൂമിക്ക് പട്ടയം ലഭിക്കുന്നത് കാത്തിരുന്ന പ്രദേശവാസികൾക്ക് വനാവകാശ രേഖ മാത്രമേ കിട്ടുകയുള്ളൂ എന്ന അവസ്ഥയിലായി. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് ഈ ഗ്രാമം.
കുറ്റിപ്ലാങ്ങാട്
രാജഭരണ കാലത്ത് ഒറ്റമുറിയിൽ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രം ഇന്ന് ഹയർസെക്കൻഡറി സ്കൂളായി നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ കുറ്റിപ്ലാങ്ങാട് ഗ്രാമത്തിൽ എത്തണമെങ്കിൽ കൊക്കയാർ പഞ്ചായത്തിൽനിന്നു രണ്ടര കിലോമീറ്റർ സഞ്ചരിക്കണം.
വലിയ തോട്ടം കടന്ന് കയറ്റം കയറി എത്തിയാൽ വനംവകുപ്പിന്റെ ഓഫിസാണ് ആദ്യം കാണുക. എതിർവശത്ത് സ്കൂൾ കെട്ടിടവും തലയുയർത്തി നിൽക്കുന്നു.
ഈ കവല കേന്ദ്രമായുള്ള ഗ്രാമത്തിൽ 120 കുടുംബങ്ങളും 400 ആളുകളുമാണുള്ളത്. വനവും ജനവാസ മേഖലയും അതിർത്തി നിർണയിക്കുന്നതിന് 1986ൽ സ്ഥാപിച്ച ജണ്ട, സർവേ കല്ലുകൾ ഒക്കെ വനേതര ഭൂമിയാണെന്നതിന് തെളിവാണെങ്കിലും ഇവിടെ വസിക്കുന്ന ആളുകൾക്ക് യാതൊരു അവകാശവും ഇല്ലെന്നാണ് അധികൃതരുടെ വാദം.
പണ്ടേയുള്ള പ്രതിഷേധങ്ങൾ
1951ൽ സർക്കാർ ആദിവാസികൾക്ക് അനുവദിച്ച 17,100 ഹെക്ടർ സ്ഥലത്ത് താമസിക്കുന്ന ആളുകൾക്കു ഭൂമി പതിച്ച് നൽകുന്നതിന് 1973ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
പതിച്ച് നൽകാൻ തീരുമാനിച്ച സ്ഥലങ്ങൾ വനേതര ഭൂമിയായി കണക്കാക്കാം എന്ന് 2009 ൽ സുപ്രിംകോടതിയിൽ വിധി വരികയും ചെയ്തു. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങൾ വ്യാപകമായതോടെ കലക്ടർ 2022ൽ ലാൻഡ് റവന്യു കമ്മിഷനർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ പ്രദേശത്തെ ജനവാസമുള്ള സ്ഥലങ്ങൾ ഹിൽമെന്റ് സെറ്റിൽ ഭൂമി വനേതര ആവശ്യങ്ങൾക്ക് വിട്ട് നൽകിയതായി കാണുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ ഇവയെല്ലാം തള്ളിയാണ് ഈ സ്ഥലം വനം ഭൂമിയാണെന്ന് കാട്ടി വനാവകാശ രേഖ നൽകാനുള്ള നടപടികൾ ഇപ്പോൾ നടക്കുന്നത്.
സമരങ്ങൾതുടരും
വനാവകാശ പട്ടയം നൽകുന്നതിനു വേണ്ടി തിരഞ്ഞെടുത്ത ഞങ്ങളുടെ പ്രദേശത്തെ ആ ലിസ്റ്റിൽനിന്നു മാറ്റി ഉപാധിരഹിത പട്ടയം നൽകുന്നതിനുള്ള നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് ജനകീയ സമിതി ജനറൽ കൺവീനർ കെ.കെ.രാജൻ പറഞ്ഞു. രാഷ്ട്രീയ സാമുദായിക വ്യത്യാസങ്ങൾ ഇല്ലാതെ ഇവിടെ ജനങ്ങൾ ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കാൻ കുറ്റിപ്ലാങ്ങാട് ഗ്രാമം തയാറായിക്കഴിഞ്ഞു.
ഇക്കാര്യത്തിൽ പൊതുയോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്നും ജനകീയ സമിതി അറിയിച്ചു.
പട്ടിക വർഗ വിഭാഗങ്ങൾ ഉൾപ്പെടെ ഞങ്ങൾ കാലങ്ങളായി താമസിക്കുന്ന ഈ സ്ഥലം വനം ആണെന്ന് പറഞ്ഞാൽ എങ്ങനെ സമ്മതിക്കാൻ കഴിയും? മുൻപ് പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ കൈവശ രേഖ തന്നിരുന്നു. എന്നാൽ വനാവകാശ പട്ടയം നൽകുന്നതിനായി സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ കുറ്റിപ്ലാങ്ങാട് പ്രദേശത്തെയും ഉൾപ്പെടുത്തിയതാണു പ്രശ്നങ്ങൾക്ക് കാരണം.
വനാവകാശ പട്ടയം 2006ലെ നിയമ പ്രകാരം വനത്തിനുള്ളിൽ കാലങ്ങളായി താമസിക്കുന്നവർക്കാണു നൽകേണ്ടത്. വനം അതിർത്തിയുടെ ജണ്ടയ്ക്ക് വെളിയിൽ കഴിയുന്ന ഞങ്ങളെ വീണ്ടും ഉപാധികളോടെ വനാവകാശ പട്ടയം നൽകി കബളിപ്പിക്കാനാണ് അധികൃതരുടെ നീക്കം.
ഞങ്ങൾക്ക് ഉപാധികൾ ഇല്ലാതെയുള്ള പട്ടയമാണു ആവശ്യം.
കെ.കെ.ധർമിഷ്ഠൻ, ഊരുമൂപ്പൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]