ആലത്തൂർ∙ ദേശീയപാത വാനൂരിൽ അടിപ്പാത യാഥാർഥ്യമാകും. കലക്ടർ എം.എസ്.മാധവിക്കുട്ടി ഇന്നലെ വാനൂർ സന്ദർശിച്ച് ഹൈവേ ജനകീയ സമരസമിതി നേതാക്കളും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുമ്പോൾ ദേശീയ പാതയ്ക്ക് ഉയരം കൂടും. കുമ്പളക്കോട് നിന്നാരംഭിച്ച് വാനൂർ കേരളപ്പറമ്പിൽ നിന്ന് 400 മീറ്റർ മുന്നോട്ടു മാറിയാണ് മേൽപാലം അവസാനിക്കുന്നത്.
ഇതോടെ ദേശീയപാതയ്ക്ക് ഇപ്പുറമുള്ള വാനൂർ പ്രദേശം ആലത്തൂർ ടൗണിൽ നിന്ന് ഒറ്റപ്പെടും. ഇതിനു പരിഹാരമായാണ് വാനൂർ കേരളപ്പറമ്പിൽ അടിപ്പാത വേണമെന്നാവശ്യം ജനകീയ സമരസമിതി മുന്നോട്ടുവച്ചത്.
അടിപ്പാത എന്ന ആശയത്തോട് കലക്ടറും യോജിച്ചു.
മൂന്നര മീറ്റർ ഉയരത്തിൽ അടിപ്പാതയ്ക്കു ശുപാർശ നൽകിയാൽ ഡിപിആറിൽ മാറ്റങ്ങൾ വരുത്തേണ്ടി വരില്ലെന്നും പറഞ്ഞു. എന്നാൽ ഈ നിബന്ധന പാലിച്ചാൽ അടിപ്പാത സ്വാതി ജംക്ഷനോട് അടുക്കാനാണ് സാധ്യതയെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
ഇതു വാനൂർ നിവാസികൾക്ക് ഉദ്ദേശിച്ച ഗുണം ചെയ്യില്ല. നിർദിഷ്ട
ബൈപാസിൽനിന്ന് അകലെയാണെന്ന പ്രശ്നവും ഉണ്ട്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി താലൂക്ക് ആശുപത്രിയിൽ എത്താനുള്ള എളുപ്പമാർഗമാണ് ബൈപാസ്. അടിപ്പാത കേരളപ്പറമ്പ് ജംക്ഷനിൽനിന്ന് അകലം കൂടുന്തോറും ബൈപാസിലേക്കുള്ള ദൂരവും വർധിക്കും.
അടിപ്പാതയുടെ ഉയരം 3 മീറ്ററായി പരിഗണിച്ചാൽ കേരളപ്പറമ്പ് ജംക്ഷന് അടുത്തായി നിർമിക്കാൻ സാധിക്കുമെന്നാണ് ജനകീയ സമരസമിതി ഭാരവാഹികൾ പറയുന്നത്.
ഡിപിആറിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. നിലവിലെ ഡിപിആർ പ്രകാരമാണ് കരാർ നൽകിയിട്ടുള്ളതെന്നും പറയുന്നു.
3 മീറ്റർ ഉയരം ലഭിക്കുന്ന സ്ഥലത്ത് അടിപ്പാത നിർമിച്ചാൽ മാത്രമേ നിലവിലെ പ്രശ്നത്തിനു പരിഹാരമാകൂ എന്നും അനുവദിക്കാത്ത പക്ഷം കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനമെന്നും സമരസമിതി ചെയർമാൻ സി.ഉണ്ണിക്കൃഷ്ണൻ, കൺവീനർ എൽ.ഗിരീഷ് എന്നിവർ അറിയിച്ചു.
ദേശീയപാത കുറുകെ കടന്ന് 500 മീറ്റർ സഞ്ചരിച്ച് ടൗണിൽ എത്തിയിരുന്നവർ രണ്ട് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. നിലവിൽ സർവീസ് റോഡും പണി പൂർത്തിയാക്കിയിട്ടില്ല.
വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെ ദേശീയപാത പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി 3 കലുങ്കുകളാണ് സ്വാതി ജംക്ഷനും കേരളപ്പറമ്പിനും ഇടയിൽ നിർമിക്കേണ്ടത്. ഇതു പൂർത്തിയായാൽ മാത്രമേ സ്വാതി ജംക്ഷനിലെയും അടിപ്പാത നിർമാണം ആരംഭിക്കുകയുള്ളു.
വാനൂർ നിവാസികൾ നേരിടുന്ന യാത്രാക്ലേശം ഇനിയും നീളാനാണ് സാധ്യത.
സമരസമിതി ചെയർമാൻ, കൺവീനർ എന്നിവർക്ക് പുറമേ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ കെ.ശരവണൻ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനിബാബു, പഞ്ചായത്ത് അധ്യക്ഷ എ.ഷൈനി, ഡപ്യൂട്ടി തഹസിൽദാർ, പഞ്ചായത്തംഗങ്ങൾ, എൻഎച്ച് പ്രോജക്ട് എൻജിനീയർ എന്നിവരും പങ്കെടുത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

