വെങ്കിടങ്ങ് ∙ ഡ്രം സീഡ് യന്ത്രത്തിൽ നെൽവിത്ത് വിതച്ച് കർഷകൻ ശ്രദ്ധേയനായി. തൊയക്കാവ് സ്വദേശി പി.വി.സിദ്ദിഖാണ് കൃഷിയിൽ പുതുതന്ത്രം പയറ്റിയത്.
തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ പാടശേഖരങ്ങളിൽ ഇദ്ദേഹത്തിന് സ്വന്തമായുള്ള ഏഴര ഏക്കറിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഡ്രം സീഡ് യന്ത്രം ഉപയോഗിച്ച് വിതച്ചത്. പരമ്പരാഗത രീതിയിൽ ഒരേക്കറിന് 40 കിലോ വിത്ത് ഉപയോഗിക്കുന്ന സ്ഥാനത്ത് ഇൗ യന്ത്രത്തിലൂടെ വിത നടത്താൻ 18 കിലോ വിത്ത് മാത്രമേ ആവശ്യമുള്ളൂ.
യന്ത്രത്തിൽ സ്ഥാപിച്ച 4 ഡ്രമ്മുകളിലായി വിത്ത് സജ്ജീകരിച്ച ശേഷം കൈകൊണ്ട് വലിക്കുകയാണ് ചെയ്യുന്നത്.
ഒരു നിരയിൽ 8 വരികളിലായി 13 സെന്റി മീറ്ററിൽ 5 മുതൽ 10 വരെ വിത്തുകൾ വീഴും. 2 മണിക്കൂറിനുള്ളിൽ വിത പൂർത്തിയാക്കാനാകും.
ഒരേ രീതിയിലും കൃത്യമായ അകലത്തിലും മുള വരുന്നതിനാൽ കളകൾ നശിപ്പിക്കാനും വരിനെല്ല് നശിപ്പിക്കാനും എളുപ്പം സാധിക്കും.കതിര് വരുന്നത് വരെ നെൽച്ചെടികൾക്കിടയിലൂടെ നടക്കുവാനും വളം ഇടാനും പ്രത്യേക പരിചരണം നടത്താനും സാധിക്കും.
വിതയ്ക്കായി ഉമ വിത്താണ് തിരഞ്ഞെടുത്തത്. വടക്കേ കോഞ്ചിറ പടവിലെ ഹബീബ്, ബ്രിന്റോ എന്നീ കർഷകർക്കും സിദ്ദിഖ് ഇൗ യന്ത്രത്തിൽ വിത നടത്തി കൊടുത്തു.
മുതുവറ സ്വദേശി എം.വി.രാജേന്ദ്രനാണ് യന്ത്രം തയാറാക്കി നൽകിയത്. ഇത്തരത്തിൽ വിത നടത്തി ഉൽപാദനം കൂടിയതിന്റെ അനുഭവം പങ്കിട്ട കുട്ടനാട്ടിലെ കർഷകരായ ജോബിയും സോജനുമാണ് തനിക്ക് പ്രചോദനമായതെന്നും പാടശേഖര കമ്മിറ്റിയുടെ പൂർണ പിന്തുണ ലഭിച്ചതായും സിദ്ദിഖ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

