കൊല്ലം ∙ ദേശാടനം തുടങ്ങി; കൊല്ലത്തേക്കുള്ള ‘പരദേശികളുടെ വരവ്’ വർധിച്ചു. പതിവിനേക്കാൾ നേരത്തെ ഇത്തവണ സീസൺ തുടങ്ങിയതിനാൽ ജില്ലയിലെ പക്ഷിനിരീക്ഷകർ പ്രതീക്ഷയിലാണ്.
വെള്ളനാതുരുത്ത് ബീച്ച്, അഴീക്കൽ ബീച്ച് തുടങ്ങിയ തീര പ്രദേശങ്ങളിലും ചാത്തന്നൂർ പോളച്ചിറ, പരവൂർ പൊഴിക്കര, കൊല്ലം കണ്ടച്ചിറ, പാവുമ്പ തുടങ്ങിയ തണ്ണീർത്തടങ്ങളുമാണ് ദേശാടന പക്ഷികളുടെ പ്രധാന ഇടത്താവളങ്ങൾ.
അഴീക്കലിൽ നിന്ന് ബ്രൗൺ നോഡി, കോമൺ സ്വിഫ്റ്റ്, പേർഷ്യൻ ഷെർവാട്ടർ, ബ്രൗൺ ബൂബി എന്നീ പക്ഷികളെ കൊല്ലം ബേഡിങ് ബറ്റാലിയൻ ഇത്തവണ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിൽ ഉപയോഗിക്കുന്ന ആഗോള ഡേറ്റാബേസ് ആയ ഇ-ബേഡിന്റെ കണക്കനുസരിച്ച് കൊല്ലം ജില്ലയിൽ ഇവ ആദ്യമായിട്ടായിരുന്നു റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്തെ തന്നെ ആദ്യത്തെ നിരീക്ഷണം ആയ ലാഗർ ഫാൽക്കൺ പക്ഷിയെ കഴിഞ്ഞമാസം വെള്ളനാതുരുത്ത് ബീച്ചിൽ കണ്ടെത്തുകയുണ്ടായി.
വംശ നാശ ഭീഷണി നേരിടുന്ന പട്ടികയിലുള്ള റെഡ് നോട്ട്, ഗ്രേറ്റ് നോട്ട്, കടൽ മണ്ണാത്തി, വാൾക്കൊക്കൻ, വരയൻ മണലൂതി, കടൽക്കാട, കൂടാതെ തിരക്കാട, മംഗോളിയൻ മണൽക്കോഴി തുടങ്ങിയ കൂട്ടങ്ങളായി സഞ്ചരിക്കുന്ന പക്ഷികളും വെള്ളനാതുരുത്ത് ബീച്ച് മേഖലകളിൽ ധാരാളമായി ഇപ്പോൾ കാണാം.
ഹ്യുഗ്ലിനി കടൽക്കാക്ക, വെൺചുട്ടി ആളച്ചിന്നൻ, വലിയ ചെങ്കൊക്കൻ ആള എന്നിവയും വെള്ളനാതുരുത്ത് നിന്ന് സീസൺ ആരംഭിച്ച ശേഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ ആണ് ദേശാടന പക്ഷികൾ ജില്ലയിൽ എത്തി തുടങ്ങുന്നതെങ്കിൽ ഇത്തവണ ജൂലൈയിൽ പക്ഷികളുടെ വരവ് തുടങ്ങിയിരുന്നു.
ദേശാടന പക്ഷികൾ പ്രധാനമായും എത്തുന്നത് യൂറോപ്പ്, ഏഷ്യൻ ഭൂഖണ്ഡങ്ങളുടെ വടക്കൻ പ്രദേശങ്ങൾ, ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ്.
സെൻട്രൽ ഏഷ്യൻ ഫ്ലൈ വേ എന്നറിയപ്പെടുന്ന ദേശാടന പാതയുടെ ഭാഗമായാണ് ഈ പക്ഷികളുടെ യാത്ര. ഭക്ഷണത്തിന്റെ ലഭ്യത, പ്രജനനം (മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്താൻ), കഠിനമായ കാലാവസ്ഥയിൽ നിന്നു രക്ഷപ്പെടാൻ എന്നീ ആവശ്യങ്ങൾക്കാണ് പക്ഷികൾ പ്രധാനമായും ദേശാടനം നടത്തുന്നത് .
കാലം തെറ്റിയ കാലവർഷവും ദേശാടനപക്ഷികൾ ആശ്രയിക്കാറുള്ള സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ ഉണ്ടാകുന്ന വ്യതിയാനവും പക്ഷികളുടെ ദേശാടനത്തെ ബാധിക്കാറുണ്ട്.
ശക്തമായ മഴ തുടരാതിരുന്നാൽ വരും നാളുകളിൽ കൂടുതൽ ദേശാടന പക്ഷികൾ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കൊല്ലം ബേഡിങ് ബറ്റാലിയൻ പ്രതിനിധി അമ്പാടി സുഗതൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]