അടിമാലി ∙ ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ തടസ്സപ്പെട്ടു കിടക്കുന്ന നവീകരണ ജോലികൾ പുനരാരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കാത്തതിൽ വീണ്ടും പ്രതിഷേധം. മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മിനിസ്റ്റർ ഓഫിസ് മാർച്ചിനു പിന്നാലെ ഇന്ന് 10ന് അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുമ്പുപാലത്ത് ദേശീയപാത ഉപരോധിക്കും. ഉപരോധ സമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് സി.പി മാത്യു പങ്കെടുക്കും. ബ്ലോക്ക് പ്രസിഡന്റ് ബാബു പി.കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 2ന് 2 മണിക്ക് അടിമാലി ക്ലബ് ഓഡിറ്റോറിയത്തിൽ ജനകീയ കൺവൻഷൻ നടക്കും.
തുടർ പ്രക്ഷോഭത്തിനുള്ള രൂപരേഖ കൺവൻഷനിൽ തയാറാക്കുമെന്ന് ചെയർമാൻ പി.എം ബേബി, ജനറൽ കൺവീനർ റസാക്ക് ചൂരവേലി എന്നിവർ പറഞ്ഞു.പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ചുമതലയുള്ള അഡിഷനൽ ചീഫ് സെക്രട്ടറി തെറ്റായ സത്യവാങ്മൂലം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂലൈ 11ന് ആണ് ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ നടന്നു വന്നിരുന്ന നിർമാണ ജോലികൾ തടസ്സപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഹൈറേഞ്ചിൽ അലയടിച്ചതോടെ നിർമാണ ജോലികൾ തടസ്സപ്പെട്ടിട്ടില്ല എന്ന വാദഗതിയുമായി ജില്ലയിൽ നിന്നുള്ള മന്ത്രിയും വനം മന്ത്രിയും സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.
അഡിഷനൽ ചീഫ് സെക്രട്ടറി നൽകിയ തെറ്റായ സത്യവാങ്മൂലം തിരുത്തി ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു എന്നാൽ ഓഗസ്റ്റ് 21ന് കേസ് വാദത്തിന് എത്തിയപ്പോൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ നിർമാണം തടസ്സം നിലനിൽക്കുന്ന 14.5 കീ.മീ ദൂരം വനഭൂമിയല്ലെന്ന രേഖകൾ ഹാജരാക്കി സത്യവാങ്മൂലം നൽകാൻ തയാറായില്ല.
ഇതോടെ കഴിഞ്ഞ 17ലേക്ക് കേസ് മാറ്റിയെങ്കിലും സത്യവാങ്മൂലം നൽകാൻ സർക്കാർ കൂട്ടാക്കാതെ വന്നതോടെ വീണ്ടും കേസ് അവധിക്ക് വച്ചിരിക്കുകയാണ്. ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെയും ജില്ലയിൽ നിന്നുള്ള മന്ത്രിയുടെയും ജനവിരുദ്ധ നിലപാടിൽ വീണ്ടും പ്രതിഷേധം കടുപ്പിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]