ആലപ്പുഴ ∙ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് കെഎസ്യു ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ പൊലീസ് കെട്ടിയ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു.
ഉദ്ഘാടകനായ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പൊലീസിന്റെ ശ്രമം പ്രവർത്തകർ തടഞ്ഞതോടെ പലവട്ടം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രധാന നേതാക്കൾ ഉൾപ്പെടെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണു സംഘർഷം അവസാനിച്ചത്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, നവകേരള സദസ്സിനിടെ ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ കെഎസ്യു നേതാക്കളെ മർദിച്ച കേസിന്റെ അന്വേഷണം ഉടൻ പൂർത്തിയാക്കുക, സംസ്ഥാനത്തുടനീളം കെഎസ്യു നേതാക്കൾക്കെതിരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കെഎസ്യു സമരം.
ഇരുമ്പുപാലം ജംക്ഷനു പടിഞ്ഞാറു നിന്നാരംഭിച്ച മാർച്ച് ജില്ലാ ജയിലിനു സമീപമുള്ള പൊലീസ് വയർലെസ് ഓഫിസിനു മുൻപിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് ചാടി കടന്നു. ബാരിക്കേഡിനപ്പുറം ഡിവൈഎസ്പി എം.ആർ.
മധുബാബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ നിലത്തു കുത്തിയിരുന്നു.
ഇതിനിടെ ചില പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. പ്രവർത്തകർക്കൊപ്പം നിലത്തു കുത്തിയിരുന്ന യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പ്രവർത്തകർ കൂട്ടമായെത്തി തടഞ്ഞു.
കൂടുതൽ പൊലീസെത്തി ബലം പ്രയോഗിച്ചാണു ബിനുവിനെ വാഹനത്തിലേക്കു കയറ്റിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് ഉൾപ്പെടെ 15 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
ഇവരെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പൊലീസ് രാജിൽ ജനജീവിതം ദുസ്സഹം: ബിനു ചുള്ളിയിൽ
ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പൊലീസുകാരെ പേടിച്ചു ജനത്തിനു നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ.
കെഎസ്യു മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പ്രവർത്തകരെ മാത്രമല്ല, ഒരു പാർട്ടിയിലും പെടാത്ത സാധാരണക്കാരെപ്പോലും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണ്. ഇങ്ങനെയാണു പൊലീസിന്റെ പെരുമാറ്റമെങ്കിൽ ജനം സർക്കാരിനെതിരെ തെരുവിലിറങ്ങുന്ന കാലം അതിവിദൂരമല്ലെന്നു ബിനു ചുള്ളിയിൽ പറഞ്ഞു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.സി.നൗഷാദ്, സംസ്ഥാന ഭാരവാഹികളായ മാഹിൻ മുപ്പതിൽചിറ, ജിത്തു ജോസ് ഏബ്രഹാം, അൻസിൽ ജലീൽ, അബ്ബാദ് ലുത്ഫി, ശ്രീജിത്ത് പുലിമേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എൻ.പി. വിമൽ, അജയ് ജ്യുവൽ കുര്യാക്കോസ്, റഹീം വെറ്റക്കാരൻ, എ.ഐ.
മുഹമ്മദ് അസ്ലം, അനന്ത നാരായണൻ, എസ് ഷെഫീഖ്, നൂറുദ്ദീൻ കോയ എന്നിവർ പ്രസംഗിച്ചു.
അമീബ ഭീതി: ജലപീരങ്കി ഒഴിവാക്കി
അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സമരങ്ങളിൽ പൊലീസ് ജലപീരങ്കി ഒഴിവാക്കുന്നു. ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് കെഎസ്യു ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ നേരിടാൻ പൊലീസ് ജലപീരങ്കി എത്തിച്ചിരുന്നില്ല.
ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളം മൂക്കിലും മറ്റും കയറി രോഗബാധയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ തീരുമാനമെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

