ആലപ്പുഴ ∙ ജില്ലയിൽ അധ്യയന വർഷാരംഭത്തിൽ ആറാം പ്രവൃത്തിദിനത്തിനകം ആധാർ സമർപ്പിക്കാൻ കഴിയാതെ 2534 വിദ്യാർഥികൾ. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണു യുഐഡി സമർപ്പിക്കാത്ത കൂടുതൽ കുട്ടികൾ– 1264.
ആലപ്പുഴ– 586, ചേർത്തല– 567, കുട്ടനാട്– 117 എന്നിങ്ങനെയാണു മറ്റു വിദ്യാഭ്യാസ ജില്ലകളിൽ യുഐഡി ഇല്ലാത്ത വിദ്യാർഥികളുടെ എണ്ണം.ആകെ 1,48,413 വിദ്യാർഥികളാണു ജില്ലയിലെ സ്കൂളുകളിലുള്ളത്. മാവേലിക്കര– 45445, ആലപ്പുഴ– 44328, ചേർത്തല– 45470, കുട്ടനാട്– 13170 എന്നിങ്ങനെയാണു വിദ്യാർഥികളുടെ എണ്ണം.
കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ചോദ്യത്തിനു നിയമസഭയിൽ സമർപ്പിച്ച ഉത്തരത്തിലാണ് ഈ കണക്കുകളുള്ളത്. യുഐഡി ഇല്ലാത്ത വിദ്യാർഥികളുടെ എണ്ണം അധ്യാപക തസ്തിക നിർണയത്തിനു പരിഗണിക്കാത്തതിനാൽ ഒട്ടേറെ അധ്യാപകർക്കു ജോലി നഷ്ടമായിരുന്നു.
എന്നാൽ എത്ര അധ്യാപകർക്ക് ഇത്തരത്തിൽ ജോലി നഷ്ടമായെന്ന കണക്ക് ശേഖരിക്കുന്നതേയുള്ളൂവെന്നാണു മറുപടി.
ആറാം പ്രവൃത്തി ദിനം ആധാർ നമ്പർ ഉൾപ്പെടെയാണു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ ചേർക്കേണ്ടത്. സ്കൂൾ പ്രവേശന സമയത്തു പല വിദ്യാർഥികൾക്കും ആധാർ ഉണ്ടാകില്ല.
സ്കൂൾ അധികൃതരുടെ നിർദേശാനുസരണമാകും ആധാർ എടുക്കുക. ആധാർ നമ്പർ ലഭിക്കാൻ വൈകുന്നതോടെ ഈ കുട്ടികളുടെ എണ്ണം തലയെണ്ണലിൽ ഉൾപ്പെടുത്തില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാന പ്രശ്നം ഉണ്ടായിരുന്നു.
എന്നാൽ അന്നു വളരെക്കുറച്ചു വിദ്യാർഥികൾക്കാണ് ആധാർ ലഭിക്കാൻ വൈകിയത്. ഇത്തവണ ആധാർ നമ്പർ ലഭിക്കാൻ കൂടുതൽ കാലതാമസമുണ്ടായതോടെ കൂടുതൽ കുട്ടികൾക്ക് യുഐഡി ഇല്ലാത്ത സ്ഥിതി വരികയായിരുന്നു.
വിദ്യാഭ്യാസ അവകാശലംഘനമെന്നു മറുപടി
കുട്ടികൾ ഉണ്ടായിട്ടും യുഐഡി ഇല്ല എന്ന കാരണത്താൽ അധ്യാപക തസ്തിക നഷ്ടപ്പെടുന്നതു വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്ന എണ്ണത്തെക്കാൾ കൂടുതൽ വിദ്യാർഥികൾ ഒരു ക്ലാസിൽ ഇരുന്നു പഠിക്കേണ്ട
സാഹചര്യമുണ്ടാക്കുമെന്നു നിയമസഭ ചോദ്യത്തിനു മറുപടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാർഥി: അധ്യാപക അനുപാതത്തിനെക്കാൾ കൂടുതൽ കുട്ടികൾ ഒരു ക്ലാസിൽ വരുമോയെന്ന ചോദ്യത്തിന് അത്തരം സാഹചര്യം ഉണ്ടാകാനിടയുണ്ട് എന്നാണു ലഭിച്ച മറുപടി.
ജൂൺ 30ന് ഉള്ളിൽ യുഐഡി സമർപ്പിച്ച വിദ്യാർഥികളുടെ എണ്ണം തസ്തിക നിർണയത്തിന് ഉപയോഗിക്കാനാകുമോയെന്നു സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

