ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം കരുവാറ്റയിൽ 65 വയസുകാരനായ ശിവൻകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കൊലപാതകം ആസൂത്രണം ചെയ്തത് അടുത്ത ബന്ധുവായ പതിമൂന്നുകാരിയാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.
കൊലപാതകം നടക്കുമ്പോൾ വീഡിയോ കോളിലൂടെ പ്രതികൾ ഇത് തത്സമയം കാണിച്ചുകൊടുത്തതായും, പെൺകുട്ടി മരണം ഉറപ്പുവരുത്തി തൃപ്തിയടഞ്ഞതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട
വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമായാണ് കൃത്യം നടത്തിയതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിട്ടുള്ള പ്രാഥമിക മൊഴി. എന്നാൽ ഈ കാരണങ്ങൾ പൊലീസ് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല.
കരുവാറ്റ മാടപ്പുരയ്ക്കലുള്ള വാടക വീട്ടിലാണ് ശിവൻകുട്ടിയെ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 കാരിയായ ബന്ധുവിനെയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് ആൺകുട്ടികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവൻകുട്ടിയും ഭാര്യയും ഇളയ മകളും ഈ പെൺകുട്ടിയും ഒരേ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യയും മകളും ആശുപത്രിയിൽ പോയ സമയം നോക്കി, പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി താമസിക്കുകയും ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കാവുകയും ചെയ്തു. തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തി സ്വർണം കവരണമെന്ന് പെൺകുട്ടി കൊല്ലം സ്വദേശികളായ മൂന്ന് കൗമാരക്കാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
പെൺകുട്ടിയുടെ ആസൂത്രണ പ്രകാരം ശനിയാഴ്ച രാത്രി ഇവർ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിക്കുകയും വീട്ടിൽ നിന്നു സ്വർണം അപഹരിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പെൺകുട്ടിക്ക് പുതിയ മൊബൈൽ ഫോണും കൊലപാതകത്തിൽ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാർക്ക് ബൈക്കും വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു.
കുടുംബത്തിലെ ഈ അസ്വസ്ഥമായ അന്തരീക്ഷം അടക്കമുള്ള കാര്യങ്ങൾ കൗമാരക്കാരിയെ ഇത്തരം ഒരു കൊടുംപാതകത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

