ബത്തേരി ∙ നെന്മേനി പഞ്ചായത്തിലെ മാടക്കരയിൽ കോഴിക്കൂട് പൊളിച്ച് പുലി. കൂട്ടിലുണ്ടായിരുന്ന 8 കോഴികളെ കാണാനില്ല.
എല്ലാറ്റിനെയും ഭക്ഷിച്ചതായാണു നിഗമനം. മംഗലം ചമ്പാടത്ത് ഗിരീഷ്കുമാറിന്റെ കോഴികളെയാണു പുലി പിടികൂടിയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
വീടിനോടു ചേർന്നുള്ള കോഴിക്കൂട്ടിൽ നിന്നു ശബ്ദം കേട്ട വീട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോൾ കോഴിക്കൂടിന്റെ ഒരു ഭാഗം പൊളിഞ്ഞു കിടക്കുന്നതാണു കണ്ടത്.
കോഴികളെ കൂട്ടിൽ കാണാനുമില്ലായിരുന്നു.
തലേന്ന് പ്രദേശത്ത് പുലിയുടെ കാൽപാടുകൾ കണ്ടിരുന്നതിനാൽ രാത്രിയിൽ വീട്ടുകാർ പുറത്തിറങ്ങിയില്ല. രാവിലെ കൂട്ടിൽ നോക്കിയപ്പോൾ 8 കോഴികളെയും കാണാനില്ലായിരുന്നു.
കൃഷിയിടത്തിൽ നിന്നു പിന്നീട് ഒരു കോഴിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി പുലിയാണെന്നു സ്ഥിരീകരിച്ചു.
തുടർന്ന് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.
പ്രദേശവാസിയായ മംഗലം കുറ്റിപറിച്ചേൽ ജോണിയുടെ നായയെ കഴിഞ്ഞ ദിവസം പുലി പിടികൂടാൻ ശ്രമിച്ചിരുന്നു. അടുത്തുള്ള മൺപാതയിൽ പുലിയുടെ കാൽപാടുകളും കണ്ടിരുന്നു.
സമീപത്തെ ചില എസ്റ്റേറ്റുകൾ കാടു മൂടിക്കിടക്കുന്നതു പുലികൾക്ക് തമ്പടിക്കാൻ സഹായകരമാകുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. പുലിശല്യം വ്യാപകമായതോടെ രാവിലെ പാലളക്കുന്ന ക്ഷീര കർഷകരും ഭീതിയിലാണ്.
കൂടു സ്ഥാപിച്ചു പുലിയെ പിടികൂടണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

