തിരുവനന്തപുരം ∙ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി.അശോകിനെ വീണ്ടും സ്ഥലംമാറ്റി. കാർഷികോൽപാദന കമ്മിഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ ഉദ്യോഗസ്ഥ, ഭരണപരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറിയാക്കി ഇന്നലെ ഉത്തരവിറക്കി.
നാളെ മുതൽ പ്രാബല്യത്തോടെയാണു സ്ഥലംമാറ്റം. കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സ്ഥലംമാറ്റിയതു ചോദ്യംചെയ്ത് അശോക് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നു വാദം കേൾക്കാനിരിക്കെയാണു നടപടി. കെടിഡിഎഫ്സിയിലേക്കുള്ള സ്ഥലംമാറ്റം കഴിഞ്ഞയാഴ്ച സ്റ്റേ ചെയ്ത ട്രൈബ്യൂണൽ കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോൽപാദന കമ്മിഷണറുമായി ഇന്നുവരെ തുടരാൻ അശോകിനെ അനുവദിച്ചിരുന്നു.
‘കേര’ പദ്ധതിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു നേർക്ക് ചോദ്യങ്ങളുന്നയിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതോടെയാണ് അശോകിനെ ഏതുവിധേനയും കൃഷി വകുപ്പിൽ നിന്നു മാറ്റാൻ സർക്കാർ ശ്രമം തുടങ്ങിയത്.
മുഖ്യമന്ത്രിക്കു കീഴിലുള്ള വകുപ്പിലേക്കാണു സ്ഥലംമാറ്റമെന്നതും ശ്രദ്ധേയം.കഴിഞ്ഞ ജനുവരിയിൽ തദ്ദേശഭരണപരിഷ്കരണ കമ്മിഷണറായി അശോകിനെ നിയമിച്ചെങ്കിലും ചട്ടവിരുദ്ധമാണെന്നു കാട്ടി ട്രൈബ്യൂണൽ അതു റദ്ദാക്കി. അതിന്റെ ബലത്തിൽ കൃഷി വകുപ്പിൽ തുടർന്ന അദ്ദേഹത്തെ കെടിഡിഎഫ്സിയിലേക്ക് ഏതാനും ആഴ്ച മുൻപാണു മാറ്റിയത്.
അശോകിനു പകരം കാർഷികോൽപാദന കമ്മിഷണർ, കൃഷി പ്രിൻസിപ്പൽ സെക്രട്ടറി പദവികളിൽ ആരെയും നിയമിച്ചിട്ടില്ല.ടിങ്കു ബിസ്വാളിനെ തദ്ദേശവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
അശോകിനെ കെടിഡിഎഫ്സിയിലേക്കു മാറ്റിയപ്പോൾ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ടിങ്കുവിനെ സർക്കാർ നിയമിച്ചിരുന്നു. അത് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെയാണ് തദ്ദേശ വകുപ്പിലേക്കു മാറ്റിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]