ഇരിങ്ങാലക്കുട∙ ചികിത്സാ ആവശ്യത്തിനായി നിക്ഷേപത്തുക അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ അർബൻ ബാങ്കിന്റെ ഠാണാവിലെ ഹെഡ് ഓഫിസിൽ വയോധികരായ ദമ്പതികൾ കുത്തിയിരിപ്പ് സമരത്തിൽ.
രാവിലെ 10ന് ബാങ്കിൽ എത്തിയ ദമ്പതികൾ ബാങ്ക് സമയം കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങിയത്. കോമ്പാറ സ്വദേശി തേക്കാനത്ത് ഡേവിസ് (80), ഭാര്യ താണ്ട (75) എന്നിവരാണ് മക്കളായ ജിജി, ജിഷ എന്നിവർക്കൊപ്പം പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയത്.
10 ലക്ഷം രൂപയിലധികമാണ് താണ്ടയുടെ പേരിൽ സ്ഥിരനിക്ഷേപം ഉള്ളത്.
ഹൃദ്രോഗിയായ ഡേവിസിന് അടിയന്തരമായി പേസ് മേക്കർ വയ്ക്കേണ്ട ശസ്ത്രക്രിയ നടത്താൻ പണം ആവശ്യപ്പെട്ട് പലതവണ ബാങ്കിൽ ചെന്നിരുന്നു എന്ന് മകൾ ജിഷ പറഞ്ഞു.
ആർബിഎെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അന്നു തന്നെ ഇൻഷുറൻസ് തുകയായ 5 ലക്ഷം രൂപ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നു. പിന്നീട് ചികിത്സയുടെ രേഖകൾ ബാങ്ക് അധികൃതർക്ക് നൽകി. പലതവണ ബാങ്ക് അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.
ബഹ്റൈനിലെ ഗവ.
പ്രസിൽ ജോലി ചെയ്തിരുന്ന ഡേവിസിന്റെ സമ്പാദ്യമാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഡേവിസിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ബാങ്ക് അധികൃതരെ അറിയിച്ച സമയത്ത് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ വേണ്ട
സംവിധാനങ്ങൾ ചെയ്തു തരാം എന്ന് ബാങ്കിന്റെ ചെയർപഴ്സൻ അറിയിച്ചതായി ഇവർ പറഞ്ഞു. എന്നാൽ ശേഷം തുടർചികിത്സയ്ക്ക് ആവശ്യമായ പണത്തിന് എന്തു ചെയ്യും എന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവർ പറഞ്ഞു.
ഡേവിസിന്റെ ശസ്ത്രക്രിയ ഏത് ആശുപത്രിയിൽ വേണമെങ്കിലും നടത്താൻ ആവശ്യമായ ചെലവ് ബാങ്ക് വഹിക്കുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നതായും ഇൻഷുറൻസ് തുക ലഭിക്കാൻ ഇവർ നൽകിയ അപേക്ഷ ആർബിഎെയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു എന്നും ബാങ്ക് അധികൃതർ പറഞ്ഞു. ചികിത്സാ ആവശ്യം, വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം അടിയന്തരമായി പണം ആവശ്യമുള്ള 24 അപേക്ഷകളാണ് ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നായി ഇതുവരെ ലഭിച്ചത്. അതെല്ലാം ആർബിഎെക്ക് അയച്ചിരുന്നു. തുടർനടപടികൾ ആരംഭിച്ചതായി ഇമെയിൽ വഴി മറുപടി ലഭിച്ചതായും വരുംദിവസങ്ങളിൽ പണം ലഭിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

