
കോട്ടയം ∙ മാങ്ങാനത്ത് വില്ല കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കർണാടകയിൽ റജിസ്റ്റർ ചെയ്ത കവർച്ചക്കേസുകളിലെ പ്രതിയെയാണ് ഇന്നലെ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി 11നു തന്നെ മോഷ്ടാക്കൾ പ്രദേശത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘത്തെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.
അതേസമയം, സ്കൈലൈൻ പാം മെഡോസ് 21ാം നമ്പർ വില്ല, ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക് എന്നിവിടങ്ങളിലെ മോഷണം കൂടാതെ 4 ഇടങ്ങളിൽ അന്ന് മോഷണശ്രമവും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. കവർച്ച സംഘത്തിൽ 5 പേർ ഉണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആയിരക്കണക്കിന് ഫോൺവിളികൾ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും പൊലീസിനു കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. അതിനാൽ പ്രദേശത്തെ മുൻ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള തയാറെടുപ്പുകളും അന്വേഷണ സംഘം നടത്തുന്നുണ്ട്.
ആ പുലർച്ചെ എത്തിയത് ആറിടത്ത്
സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണത്താൽ പരാതികളില്ലാതെ പോയ 4 മോഷണശ്രമങ്ങൾ കൂടെ ശനിയാഴ്ച പുലർച്ചെ മാങ്ങാനത്ത് നടന്നു.
അതിൽ 3 എണ്ണം പാം മെഡോസിലെ 16, 17, 18 നമ്പർ വില്ലകളിലായിരുന്നു. സ്വർണം നഷ്ടപ്പെട്ട
21ാം നമ്പർ വില്ലയുടേതിനു സമാനമായി വാതിൽ കുത്തിപ്പൊളിച്ചാണ് 18ാം നമ്പർ വില്ലയുടെ ഉള്ളിലും മോഷ്ടാക്കൾ കടന്നിട്ടുള്ളത്. ഇവിടെയുള്ള റൂമുകളിൽ സാധനങ്ങൾ വാരിവലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കൾക്ക് ഒന്നും കിട്ടിയില്ല.
16, 17 വില്ലകളിൽ കയറാൻ മോഷ്ടാക്കൾ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പൊതുവേ സ്ത്രീകൾ മാത്രം താമസിക്കുന്ന വില്ലകളാണ് ഈ നാലെണ്ണവും. ഇതിൽ 21 ഒഴികെ മൂന്നിടങ്ങളിലും ആ ദിവസം ആളുകൾ ഉണ്ടായിരുന്നില്ല.
21ൽ താമസിക്കുന്ന അമ്പുങ്കയത്ത് അന്നമ്മ തോമസിനെയുമായി മകൾ സ്നേഹ പുലർച്ചെ 2ന് ആശുപത്രിയിൽ പോയ സമയത്താണ് അവിടെ മോഷണം നടന്നത്. ഇവരുടെ അടുത്ത ബന്ധുവാണ് 18ന്റെ ഉടമസ്ഥൻ.
ഇവിടെ മോഷണം നടത്തുന്നതിനിടെ, ആംബുലൻസ് പുറത്തേക്ക് പോകുന്നത് കണ്ടിട്ടാകാം സംഘം വില്ല നമ്പർ 21ൽ എത്തിയത്. ഇവിടെനിന്ന് 550 മീറ്റർ അകലെ തുരുത്തേൽ പാലത്തിനു സമീപത്തെ വീട്ടിൽ മോഷ്ടാക്കളെത്തിയെങ്കിലും ഒന്നും നഷ്ടപ്പെടാത്തതിനാൽ കേസ് ഉണ്ടായില്ല.
100 മീറ്റർ പോലും അകലെയല്ലാത്ത ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക്കിലെത്തിയ മോഷ്ടാക്കൾ പണവും രേഖകളും മറ്റു സാധനങ്ങളും കവർന്നു.
എങ്ങനെ എത്തി, എങ്ങനെ പോയി ?
പ്രതികളെന്നു സംശയിക്കുന്ന ആ 5 പേർ എങ്ങനെയെത്തി, എങ്ങോട്ടു പോയി എന്ന 2 ചോദ്യങ്ങളാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. കഞ്ഞിക്കുഴി– പുതുപ്പള്ളി റോഡിലെ മറ്റു സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിയില്ല.
ഈ റോഡിന് വശത്തായി ഒഴിഞ്ഞുകിടക്കുന്ന ബഹുനില കെട്ടിടത്തിന്റെ പാർക്കിങ്ങിലൂടെ എത്തിയ സംഘം വില്ലകളുടെ മതിലിന് ഉയരമില്ലാത്ത ഭാഗത്തു കൂടെയാണ് കോംപൗണ്ടിൽ കടന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
എന്നാൽ 5 അംഗസംഘം കാൽനടയായി വില്ലകളുടെ ഭാഗത്തുനിന്ന് റോഡിലേക്കു കയറുന്നത് സമീപത്തെ കടയിലെ ദൃശ്യങ്ങളിലുണ്ട്.
വെൽനെസ് ക്ലിനിക്കിന് അകത്തെ ദൃശ്യങ്ങളിൽ 3 പേരാണ് ഉള്ളത്. എന്നാൽ ഇവിടെനിന്ന് പുറത്തേക്കു പോയതായി ക്യാമറയിൽ പതിഞ്ഞത് 2 പേർ മാത്രമാണ്.
മൂന്നാമൻ എവിടെപ്പോയി എന്നതിലും റോഡിലേക്ക് തിരികെ ഇറങ്ങിയ ഇവർ പിന്നീട് എവിടേക്കു പോയി എന്നതിലും ആശയക്കുഴപ്പം തുടരുന്നു. പാം മെഡോസിൽ മോഷണം നടത്തിയ സംഘം വെൽനെസ് ക്ലിനിക്കിലെത്തിയപ്പോൾ വേഷത്തിൽ മാറ്റമുണ്ട്.
ഷർട്ട് ഇൻസർട്ട് ചെയ്ത സംഘമാണ് പാം മെഡോസ് വില്ലയിൽ മോഷണം നടത്തിയത്. വെൽനെസ് ക്ലിനിക്കിലെത്തിയ സംഘം ധരിച്ചിരിക്കുന്ന വേഷത്തിൽ വ്യത്യാസമുണ്ട്.
മാങ്ങാനത്ത് പയറ്റിയത് ആലപ്പുഴ മോഡൽ
കർണാടകയിലും ആലപ്പുഴയിലും നടന്ന മോഷണങ്ങൾക്കു സമാനമാണ് സ്കൈലൈൻ പാം മെഡോസിൽ നടന്ന മോഷണമെന്നു പൊലീസ്.
ആളുകളെ ഉപദ്രവിക്കാതെ അതിവേഗം പൂട്ടുകൾ തകർത്തു ലക്ഷ്യം നേടുന്ന ഇവർ അതേവേഗത്തിൽ സ്ഥലം വിടും. ആലപ്പുഴയിൽ 2023ൽ ഇതേ രീതിയിലൊരു മോഷണം നടന്നതായി ജില്ലാ പൊലീസിനു വിവരം ലഭിച്ചു.
ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക്കിൽ കയറിയ സംഘം മുഖംമൂടി അഴിച്ചുമാറ്റിയശേഷം മുറികളിലെ ലൈറ്റുകൾ തെളിച്ചാണ് സാധനങ്ങൾ തിരഞ്ഞെടുത്തത്. മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്ന ഇവർ കണ്ണൊഴികെ മറ്റുഭാഗങ്ങൾ തുണികൊണ്ടും മൂടി.
ഏഴ് പെൻഡ്രൈവുകളും സർട്ടിഫിക്കറ്റുകളും ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. മേശപ്പുറത്തിരുന്ന ലാപ്ടോപും ഫോണുകളും തിരിഞ്ഞു നോക്കാത്ത ഈ സംഘത്തിലെ ഒരാൾ മൊബൈൽ ഫോൺ ചാർജർ മാത്രം മേശയിൽ നിന്നെടുത്തു.
ഗേറ്റ് തുറക്കാതെ വില്ലകളെ വേർതിരിക്കുന്ന ചെറിയ മതിലുകൾ ചാടിയാണ് ഓരോ വില്ലകളിലും മോഷ്ടാക്കൾ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പൂട്ട് പൊട്ടിക്കാൻ പ്രത്യേക ആയുധം?
2 തരം ആയുധങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. വില്ലകളിൽ വാതിലും കട്ടിളയും ചേരുന്ന ഭാഗത്തേക്കു കമ്പിപ്പാര കടത്തിയാണ് പൂട്ട് പൊളിച്ചതെങ്കിൽ വെൽനെസ് ക്ലിനിക്കിന്റെ ഇരുമ്പ് വാതിലിന്റെ പൂട്ട് പ്രത്യേക ഉപകരണം ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
ചുറ്റിക പോലുള്ളവ കൊണ്ട് അടിയേറ്റ പാടും വില്ലയുടെ വാതിലിൽ കാണാം. ആയുധങ്ങളടങ്ങിയ ഭാരമുള്ള ബാഗ് മോഷ്ടാക്കളിൽ ഒരാളുടെ പക്കലുണ്ടായിരുന്നു.
വർക്ഷോപ്പിൽ ഉപയോഗിക്കുന്ന തരം ക്രോസ് സ്പാനറും ചെറിയ കത്തികളും ഇവരുടെ പക്കലുണ്ടായിരുന്നു. വില്ലകളിലെ കവർച്ചയ്ക്ക് ശേഷം പുലർച്ചെ 3.03ന് ആണ് സംഘം ക്ലിനിക്കിലെത്തുന്നത്.
ക്ലിനിക്കിൽ മോഷണത്തിനു ശേഷം രൂക്ഷമായ ഗന്ധം നിലനിന്നിരുന്നു. പൊലീസ് നായയ്ക്കു ഗന്ധം ലഭിക്കാതിരിക്കാൻ മോഷ്ടാക്കൾ മറ്റെന്തോ മുറിയിൽ സ്പ്രേ ചെയ്തെന്നാണ് കരുതുന്നത്.
മോഷണത്തിനിടെ സ്പെഷൽ ക്ലാസ് !
സംഘത്തിലെ ഒരാളാണ് വാതിൽ പൊളിക്കുന്നതിൽ സ്പെഷലിസ്റ്റ്. മറ്റുള്ളവർക്കു തുറക്കാൻ പറ്റാത്ത വാതിലുകൾ കയ്യിലുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇയാൾ അതിവേഗം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സംഘത്തിലെ ഒരാളെ ഇയാൾ പൂട്ടുപൊളിക്കുന്നതു പഠിപ്പിക്കുന്നതും കാണാം. സംഘത്തിൽ മോഷണം പഠിക്കാനെത്തിയവരുണ്ടെന്നും പൊലീസ് കരുതുന്നു.
തെല്ലും ഭയമില്ലാതെയാണ് മോഷ്ടാക്കൾ പാം മെഡോസിലും വെൽനെസ് ക്ലിനിക്കിലും പ്രവേശിച്ചതും മോഷണം നടത്തുന്നതും.
തടി വിൽപനക്കാരായി അജ്ഞാതരെത്തി
വെൽനെസ് ക്ലിനിക്കിൽ ജൂലൈ 14ന് അജ്ഞാതസംഘമെത്തിയിരുന്നു. റബർ തടി വിൽപന നടത്തുന്നവരെന്നു പറഞ്ഞാണ് ഇവരെത്തിയത്.
പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ക്ലിനിക് അധികൃതർ പൊലീസിനെ എത്തിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തടയുകയും ചെയ്തു.
പൊലീസ് എത്തുന്നതിനു മുൻപ് ഇവർ സ്ഥലത്തു നിന്നു കടന്നു. ഇവരെത്തിയ വാഹനത്തിന്റെ നമ്പർ വ്യാജമെന്നും കണ്ടെത്തിയതോടെ ക്ലിനിക് അധികൃതർ പരാതി നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]