
ചിതറ ∙ ‘ചക്കമല’യിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു ചിതറ പഞ്ചായത്ത് നിർമിച്ച ഫ്ലാറ്റ് ഇപ്പോൾ മാലിന്യം തള്ളൽ കേന്ദ്രം. 20 കുടുംബങ്ങൾക്കു താമസിക്കാൻ വേണ്ടിയാണു ഫ്ലാറ്റ് നിർമിച്ചത്.
നിലവിൽ ഇവിടെ താമസിക്കുന്നതാകട്ടെ ഒരു കുടുംബം. ഫ്ലാറ്റിലെ മറ്റു വീടുകളിൽ ഹരിതകർമ സേന ശേഖരിച്ച മാലിന്യം ചാക്കിലാക്കി കൂട്ടിയിട്ടിരിക്കുകയാണ്.
ഫ്ലാറ്റിന്റെ വശങ്ങളിലും മാലിന്യ കൂമ്പാരം തന്നെ. 4 മാസങ്ങൾക്കു മുൻപ് മാലിന്യം മാറ്റി ഫ്ലാറ്റ് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നു.
ഉടൻ മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ഉറപ്പു പക്ഷേ ഇതുവരെ പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.
മാലിന്യം കൂട്ടിയിട്ടിരിക്കുന്നതു മൂലം നിലവിൽ ഇവിടെ താമസിക്കുന്ന കുടുംബവും കഷ്ടപ്പെടുകയാണ്. 10 വർഷങ്ങൾക്കു മുൻപ് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ആണ് ചക്കമലയിൽ ഭൂരഹിതർക്കായി ഫ്ലാറ്റ് നിർമിച്ചത്.
റോഡ് പുറമ്പോക്കിലും മറ്റും താമസിക്കുന്നവർക്കു നൽകുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ, ഏതാനും മാസങ്ങൾക്കു മുൻപ് ഫ്ലാറ്റ് ഹരിതകർമ സേനയ്ക്കു മാലിന്യം സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റുകയായിരുന്നു നിലവിലുള്ള ഭരണസമിതി.
എംസിഎഫ് ആക്കി ഇവിടം മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം ആണ് ഉണ്ടായത്.
ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാൻ സ്ഥലം വാങ്ങി എംസിഎഫിനു വേണ്ടി കെട്ടിടം നിർമിക്കുമെന്നു പഞ്ചായത്ത് ഭരണസമിതി ‘വെറുതേ ഒരു ഉറപ്പ്’ അന്നു നൽകി. എന്നാൽ, ഇതുവരെ പഞ്ചായത്തിന് പ്രഖ്യാപനം നടപ്പാക്കാൻ കഴിഞ്ഞില്ല.
നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. ഫ്ലാറ്റ് നിർമിച്ചത് ഹൗസിങ് ബോർഡാണ്. ഉത്സവ അന്തരീക്ഷത്തിലാണ് ഫ്ലാറ്റ് ഉദ്ഘാടനം ചെയ്തത്.
ഫ്ലാറ്റ് സ്ഥാപിച്ച യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കു വീണ്ടും അധികാരത്തിൽ വരാനായില്ല. പിന്നീടു വന്ന എൽഡിഎഫ് ഭരണസമിതി ഫ്ലാറ്റിൽ കുടുംബങ്ങളെ താമസിപ്പിക്കുന്നതിനുള്ള ശ്രമം കാര്യമായി നടത്തിയതുമില്ല.
ചക്കമല പത്തേക്കറിൽ പഞ്ചായത്ത് വക എൽപിഎസിനു സമീപത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഫ്ലാറ്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]