
കണ്ണൂർ ∙ 2012 ഫെബ്രുവരി അവസാന വാരത്തിലാണ് ഗോവിന്ദച്ചാമിയുടെ ഊരും വീടും തേടി തമിഴ്നാട്ടിലേക്കു പോയത്. ഗോവിന്ദച്ചാമി അന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്.
ചെന്നൈയിൽ നിന്ന് 247 കിലോമീറ്റർ അകലെ കടലോര ജില്ലയായ കടലൂരിലെ വിരുതാചലം താലൂക്കിലെ സമത്വപുരം ഗ്രാമത്തിലാണു ഗോവിന്ദച്ചാമിയുടെ വീട്. ഈറമരക്കാടുകളും കരിമ്പും നെൽക്കൃഷിയുമുള്ള നാട്.
1998ൽ കരുണാനിധി സർക്കാരാണു തരിശുകിടന്ന പുറമ്പോക്ക് ഭൂമിയിൽ സമത്വപുരം ഗ്രാമം നിർമിച്ചത്. നൂറോളം ഭവനരഹിതരായ കുടുംബങ്ങൾക്ക് അന്നു സർക്കാർ സ്ഥലവും വീടും നൽകി.
മാലപൊട്ടിക്കലും സ്ത്രീകളെ കടന്നുപിടിക്കൽ തുടങ്ങി സേലം, ഈറോഡ്, കോയമ്പത്തൂർ റെയിൽവേ പൊലീസിൽ ഗോവിന്ദച്ചാമിക്കെതിരെ അന്നു 13 കേസുകളുണ്ട്.
കണ്ണില്ലാത്ത ക്രൂരത കാട്ടുന്ന ഗോവിന്ദച്ചാമി മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ ഒപ്പിട്ടുകൊടുത്തു എന്ന വൈരുധ്യം അവിടെ നിന്നറിഞ്ഞു. ഗ്രാമത്തിൽ എത്തുമ്പോൾ പകൽ 11 കഴിഞ്ഞു.
തകരഷീറ്റുകൊണ്ടുള്ള വാതിൽ അടച്ചിട്ടിരിക്കുന്നു. അന്വേഷണത്തിൽ സഹോദരൻ സുബ്രഹ്മണ്യനാണ് ഇവിടെ താമസിക്കുന്നതെന്നു മനസ്സിലാക്കി.
അയാൾ എവിടേക്കു പോയെന്ന ചോദ്യത്തിന് ‘രാത്രി തിരിച്ചെത്തും’ എന്നു പ്രായമായ ഒരാൾ മറുപടി നൽകി. രാത്രിയിൽ വീണ്ടും ഗ്രാമത്തിലെ വീട്ടിലെത്തി.
വീട് അടഞ്ഞുതന്നെ. പെട്ടെന്നൊരാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
കൂടെച്ചെല്ലാൻ പറഞ്ഞു. തൊട്ടടുത്ത കലുങ്കിൽ കഞ്ചാവ് സംഘത്തിനൊപ്പം ഇരിപ്പുണ്ടായിരുന്നു സുബ്രഹ്മണ്യൻ.
എതുക്ക് വന്താച്ച് ?കടുപ്പിച്ചായിരുന്നു ചോദ്യം: വധശിക്ഷയ്ക്കെതിരെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്ന ഉത്തരം തൊണ്ടതൊടാതെ വിഴുങ്ങാൻ സുബ്രഹ്മണ്യൻ തയാറായില്ല. ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷിക്കാം എന്നു വിശ്വസനീയമായി രീതിയിൽ അവതരിപ്പിച്ചപ്പോഴാണ് അൽപമൊന്നയഞ്ഞത്.
കൊലക്കയറിൽ നിന്നു രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ചാമി അയച്ച കത്ത് അയാൾ നീട്ടി.
വാദിക്കാൻ വലിയ വക്കീലന്മാരെത്തുമെന്നും ഒരു പോറൽപോലുമേൽക്കാതെ തിരിച്ചെത്തുമെന്നുമാണ് കത്തിലെ ഉള്ളടക്കം. ജീവിക്കുന്നെങ്കിൽ ഭയക്കാതെ ജീവിക്കണമെന്ന ‘മഹദ്വചനവും’ അതിലുണ്ട്.
ഗോവിന്ദച്ചാമി കേരള പൊലീസിന്റെ പിടിയിലായ ശേഷമാണ് അയാളുടെ അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നു കത്തിൽ നിർദേശിച്ചിരുന്നു.
ഒറ്റമുറി വീട്ടിൽ ഇട്ടിട്ടുള്ള കട്ടിലിൽ പിതാവിന്റെ വലിയപടം. അതിനു മുന്നിൽ തണുത്തുറഞ്ഞ് ഒരു ഗ്ലാസ് ചായ.
പടത്തിന്റെ വശത്ത് ഒരു കൂടു ബീഡിയും മദ്യത്തിന്റെ പൈന്റ് കുപ്പിയും.
കൂടാതെ സകല ദൈവങ്ങളുടെയും പടം. ‘അപ്പാവുക്ക് ടീയും ബീഡിയും ബ്രാൻഡിയും റൊമ്പപിടിക്കത്’ അതുകൊണ്ടാണു മരിച്ചുപോയ പിതാവിന് ഇതൊക്കെ സുബ്രഹ്മണ്യം എന്നും വയ്ക്കുന്നത്. ഗോവിന്ദച്ചാമിയുടെ കേസിനു വലിയ പ്രതിഫലം വാങ്ങുന്ന അഭിഭാഷകർ എത്തിയതെങ്ങനെ എന്നും ഇയാൾക്കു പുറത്തു നിന്നു സഹായം ലഭിക്കുന്നത് എങ്ങനെയെന്നും അന്നു സുബ്രഹ്മണ്യനുമായി സംസാരിച്ചതിൽ നിന്നു ബോധ്യമായി.
റെയിൽവേ കേന്ദ്രീകരിച്ചുള്ള മോഷണ മാഫിയയുടെ പ്രധാനകേന്ദ്രമായ പൻവേൽ, അഹമ്മദ് നഗർ എന്നിവിടങ്ങളിലേക്കാണ് സുബ്രഹമണ്യൻ നൽകിയ സൂചനകൾ എത്തിയത്.
പൻവേൽ എന്നത് എല്ലാ ദീർഘദൂര ട്രയിനുകളും നിർത്തുന്ന റെയിൽവേ ഹബ്. അന്നു ദക്ഷിണേന്ത്യയിലേക്ക് മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു പ്രഫഷനൽ സംഘം റയിൽവേ മോഷണവിഭാഗത്തിലുണ്ടായിരുന്നു.
അവരുടെ കേന്ദ്രം പൻവേലിലാണ്. ഈ സംഘത്തിലെ പ്രധാനിയായിരുന്നു ഗോവിന്ദച്ചാമി.
ചാമിക്ക് നിയമസഹായമൊരുക്കാൻ അഭിഭാഷകരെത്തിയത് മുംബൈയിൽ നിന്നാണ്. ഗോവിന്ദച്ചാമിക്കു വേണ്ടി അഭിഭാഷകരെ സമീപിച്ചത് പൻവേലിലെ ചില തമിഴ് സുഹൃത്തുക്കളാണെന്നും സംഭാഷണത്തിൽ സൂചന ലഭിച്ചു.
അച്ഛന് പറ്റിയ മക്കൾ
ഐവത്തുകുടി എന്ന സ്ഥലത്തുനിന്നാണ് സമത്വപുരത്തേക്കു ഗോവിന്ദച്ചാമിയുടെ കുടുംബത്തിന്റെ വരവ്.
മുഴുക്കുടിയനായിരുന്നു പട്ടാളത്തിൽ ഹവിൽദാരായി വിരമിച്ച അച്ഛൻ അറുമുഖം. എല്ലാം വിറ്റു നശിപ്പിച്ചു.
വീടു കടത്തിലായതിനാൽ സമത്വപുരത്തു നിന്ന് അവർ മറ്റെവിടെയും പോയില്ല. റോഡ് പണിക്കാരിയായിരുന്നു ഗോവിന്ദച്ചാമിയുടെ അമ്മ.
അവധിക്കു നാട്ടിലെത്തിയ അറുമുഖം റോഡുപണിക്കെത്തിയ യുവതിയെ കണ്ടു. ഇഷ്ടം തോന്നി.
കൂടെപ്പാർപ്പിച്ചു. ഗോവിന്ദച്ചാമിയും സഹോദരൻ സുബ്രഹ്മണ്യനും ചെറുപ്പംതൊട്ടേ തല്ലിപ്പൊളികളായിരുന്നു.
22 കൊല്ലം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച പിതാവ് അറുമുഖനൊപ്പം കുട്ടിക്കാലത്ത് ജമ്മുവിൽ താമസിച്ചിട്ടുള്ള സുബ്രഹ്മണ്യവും ഗോവിന്ദച്ചാമിയും ഹിന്ദി നന്നായി സംസാരിക്കും.
ഇതാണ് ഇയാളെ പൻവേൽ സംഘവുമായി അടുപ്പിച്ചത്. സമത്വപുരത്തേക്കു വരുമ്പോൾ ഗോവിന്ദച്ചാമിക്കു പ്രായം 14.
കുട്ടികളുമായി തല്ലുണ്ടാക്കിയതിനു ശാസിച്ച അയൽവാസി രാജയുടെ വീടിന്റെ മുന്നിലെ ചെടികൾ മുഴുവൻ രാത്രിയിൽ വെട്ടിനശിപ്പിച്ചാണു ചാമി അന്നു പ്രതികരിച്ചത്. രാവിലെ രാജ ഉണർന്നു നോക്കുമ്പോൾ നെഞ്ചുംവിരിച്ചു, കയ്യിൽ കത്തിയുമായി ഗോവിന്ദച്ചാമി നിൽക്കുന്നു.
മാസത്തിൽ ഒന്നോ രണ്ടോ ദിവസമേ ഗോവിന്ദച്ചാമി വീട്ടിലുണ്ടാവുമായിരുന്നുള്ളു. ആർഭാടത്തിലായിരുന്നു ജീവിതം.
മുന്തിയ ഇനം മദ്യവും ഇഷ്ടഭക്ഷണവുമൊക്കെയായി അടിച്ചുപൊളിച്ചു.
റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ഗോവിന്ദച്ചാമിയെ തേടി എത്തിയപ്പോഴാണ് അയാൾ ട്രെയിനിൽ മോഷണം നടത്തുന്ന വിവരം ഗ്രാമവാസികൾ അറിയുന്നത്. പിന്നീടു ലോക്കൽ പൊലീസും റെയിൽവേ പൊലീസുമൊക്കെ തിരഞ്ഞുവരുന്നതു പതിവായിരുന്നു. ഭർത്താവിന്റെ മദ്യപാനവും മക്കളുടെ ക്രിമിനൽ സ്വഭാവവും മൂലം ഗോവിന്ദച്ചാമിയുടെ അമ്മയ്ക്കു മാനസികനില തെറ്റി.
റോഡിൽ അലഞ്ഞുനടക്കുന്നതിനിടെ വാഹനമിടിച്ചു മരിക്കുകയായിരുന്നു. അച്ഛൻ അറുമുഖവും അപകടത്തിലാണു മരിച്ചത്.
രണ്ടുപേരും മരിച്ചപ്പോഴും ഗോവിന്ദച്ചാമിയും സുബ്രഹ്മണ്യവും ജയിലുകളിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]