
കായംകുളം ∙ ആശങ്കയുടെ വൻതിരകളെ ഒരുനിമിഷംകൊണ്ട് ശാന്തമാക്കി ഇന്നലെ രാത്രി ഒന്നരയോടെ പത്തിയൂർക്കാല ശ്രീജാലയം വീട്ടിലേക്ക് അനിൽകുമാർ രവീന്ദ്രന്റെ ഫോൺവിളിയെത്തി. ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിൽ നിന്ന് കാണാതായ അനിൽകുമാർ യെമനിൽ നിന്നാണ് ഭാര്യ ശ്രീജയെ ഫോണിലേക്ക് വിളിച്ചത്. താൻ യെമനിലുണ്ടെന്നും ഉടൻ എത്താനാകുമെന്ന് പ്രതീക്ഷയെന്നും ശ്രീജയോട് പറഞ്ഞു.
നിമിഷങ്ങൾ മാത്രം നീണ്ട ഫോൺവിളിക്കിടയിൽ മകൻ അനുജിനോടും സംസാരിച്ചു.
പിന്നീട് വിളിക്കാമെന്നും മകനോടും പറഞ്ഞു. മകൾ അനഘയ്ക്ക് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ല.
ഈ മാസം 7 നാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനിൽകുമാറടക്കം 11 പേരെ കാണാതായത്. അനിൽകുമാർ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും യമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്നു വ്യക്തമല്ല.
അനിലിന്റെ ഫോൺ വിളി വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറിയിട്ടുണ്ട്.
നിലവിൽ യെമനിൽ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കാണ് ചുമതല. ഇരു രാജ്യങ്ങളിലും ഇന്നലെ അവധി ദിനമായിരുന്നതിനാൽ അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്നു വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.
മൂന്നുപേർ ആക്രമണത്തിനിടെ മരിച്ചു. ഒരാൾക്ക് മാരകമായി മുറിവേറ്റു.
21 പേർ കടലിൽച്ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ 10 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. അനിലടക്കമുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെത്തുടർന്നാണ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതെന്നാണ് വിവരം.
അനിൽകുമാർ വിളിച്ച വിവരം വീട്ടുകാർ ഇന്നലെ അഗസ്റ്റിനെ വിളിച്ചറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]