
കാക്കനാട് ∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ നിലവാരത്തിലുള്ള ഗെയിംസ് ടർഫും അനുബന്ധ സൗകര്യങ്ങളും നിർമിക്കാനുള്ള രൂപരേഖയ്ക്ക് അംഗീകാരം. ആദ്യഘട്ടമായി നയൻസ് ഫുട്ബോൾ ടർഫ് നിർമാണത്തിനു കരാറായി.
മഹാരാജാസ് സ്റ്റേഡിയത്തിൽ സിന്തറ്റിക് ഹോക്കി ടർഫ് നിർമിച്ച ഹൈദരാബാദ് ഗ്രേറ്റ്സ് സ്പോർട്സ് െടക്കിനാണു നിർമാണച്ചുമതല. 6 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണു നിബന്ധന.
കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ മേൽനോട്ടം വഹിക്കും.
പദ്ധതിക്ക് ആവശ്യമായ 3 കോടി രൂപ നേരത്തേ ഉമ തോമസ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. നയൻസ് ഫുട്ബോളിന് അനുയോജ്യമായ ടർഫ് പൂർത്തിയായാലുടൻ സ്റ്റേഡിയത്തിലെ ശേഷിക്കുന്ന ഭാഗത്തു വോളിബോൾ– ബാഡ്മിന്റൻ ഗ്രൗണ്ട്, ഓപ്പൺ ജിം തുടങ്ങിയവ സ്ഥാപിക്കാനും നടപടിയെടുക്കും.
രാത്രി കളികൾക്കായി നിലവിലെ ഫ്ലഡ്ലിറ്റ് നവീകരിക്കും.
നേരത്തേ സമീപത്തെ റവന്യു പുറമ്പോക്കു കൂടി ലഭ്യമാക്കി ദേശീയ നിലവാരത്തിൽ സ്പോർട്സ് സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതിയിട്ടത്. കൂടുതൽ സ്ഥലം കിട്ടാതായതോടെ ഇലവൻസ് ഫുട്ബോളിന് ഇവിടം അനുയോജ്യമല്ലെന്ന കായിക വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പദ്ധതി പരിഷ്കരിച്ച് നയൻസ് ഫുട്ബോൾ ടർഫും ഇതര ഗെയിംസ് സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചത്.
ടർഫ് പൂർത്തിയാകുന്നതോടെ അർഹരായവർക്കു സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇവിടം കായിക വിനോദങ്ങൾക്ക് ഉപയോഗിക്കാം.
തൃക്കാക്കര നഗരസഭാ പരിധിയിൽ സ്വകാര്യ മേഖലയിൽ ഒട്ടേറെ ടർഫുകൾ നിലവിലുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും വൻ വാടകയാണ് ഈടാക്കുന്നത്.
ഇതുമൂലം സാധാരണക്കാർക്കു പ്രയോജനം കിട്ടാറില്ല.
സ്റ്റേഡിയത്തിൽ കൂടുതൽ വിനോദ സൗകര്യങ്ങളൊരുക്കാൻ നഗരസഭയുടെ തനത് ഫണ്ടിനു പുറമേ കായിക ഏജൻസികളിൽ നിന്നുള്ള ധനസഹായവും ലഭ്യമാക്കുമെന്ന് നഗരസഭാധ്യക്ഷ രാധാമണി പിള്ള, സ്പോർട്സ് സ്ഥിര സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]