
‘ലൈംഗികാതിക്രമത്തിന് ഇരയായവരെ കത്തിച്ചു, കൂട്ടത്തിൽ വിദ്യാർഥിനികളും; വസ്ത്രമില്ലാത്ത മൃതദേഹങ്ങൾ’: വെളിപ്പെടുത്തൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്.
കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാൾ സമീപിച്ചത്. വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ തന്റെ സൂപ്പർവൈസറാണ് ഉത്തരവിട്ടിരുന്നത്. പൊലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു.
‘‘വെളിപ്പെടുത്തൽ നടത്തിയ വ്യക്തി ആരെന്ന് പറയരുതെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കോടതിയിൽനിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം ഞങ്ങൾ കേസ് റജിസ്റ്റർ ചെയ്തു’’– ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു. 11 വർഷം മുൻപ്, താൻ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ട് ഒളിവിൽ പോവുകയായിരുന്നു. താനും കുടുംബവും കൊല്ലപ്പെടുമെന്ന ഭയം ദിവസവും വേട്ടയാടപ്പെടുന്നുണ്ടെന്നും മുൻ ശുചീകരണ തൊഴിലാളി പറയുന്നു.
യൂണിഫോമും ബാഗും ഉൾപ്പെടെയാണ് സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കത്തിച്ചത്. വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹങ്ങളാണ് കണ്ടിരുന്നത്. ആത്മഹത്യയോ മുങ്ങിമരണമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമം നടന്നതിന്റെ പാടുകളും മറ്റും കണ്ടുതുടങ്ങിയതോടെയാണ് സംശയം തോന്നിയതെന്നും ഇയാൾ വെളിപ്പെടുത്തുന്നു.
‘‘ഒരു സംഭവം എന്നെ എന്നന്നേക്കുമായി വേട്ടയാടുന്നു. 2010 ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിൽനിന്ന് ഏകദേശം 500 മീറ്റർ അകലെ 12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. അവൾ സ്കൂൾ യൂണിഫോം ധരിച്ചിരുന്നു. അവളുടെ പാവാടയും അടിവസ്ത്രവും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നതിന്റെയും കഴുത്തു ഞെരിച്ചതിന്റെയും അടയാളങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ചു സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം സ്കൂൾ ബാഗിനൊപ്പം കത്തിക്കാൻ നിർബന്ധിതനായി’’ – മുൻ ശുചീകരണ തൊഴിലാളി പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് ഷട്ടർസ്റ്റോക്കിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.