
വള്ളംകളി സീസണിന് തുടക്കമാകുന്നു; ചമ്പക്കുളം മൂലം ജലോത്സവം: ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചമ്പക്കുളം ∙ 9നു നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിൽ 5 ചുണ്ടൻ വള്ളങ്ങളാണു മാറ്റുരയ്ക്കുന്നത്. കൂടാതെ 3 വീതം വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തിലെ വള്ളങ്ങളും മത്സരിക്കുന്നുണ്ട്. ചെറുതന ന്യു ബോട്ട് ക്ലബ്ബിനുവേണ്ടി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചെറുതന പുത്തൻചുണ്ടനിലും കൈനകരി യുബിസി ആയാപറമ്പ് പാണ്ടി ചുണ്ടനിലും ചമ്പക്കുളം ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും നടുഭാഗം ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും നിരണം ബോട്ട് ക്ലബ് ആയാപറമ്പ് വലിയദിവാൻജിയിലും ഇത്തവണ മത്സരിക്കും.
വെപ്പ് എ ഗ്രേഡിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് മണലിയിലും കുമരകം ടൗൺ ബോട്ട് ക്ലബ് അമ്പലക്കടവനിലും കുമരകം നടുവിലേപുരയ്ക്കൽ കൾചറൽ ആൻഡ് ഡവലപ്മെന്റ് സൊസൈറ്റി നവ ജ്യോതിയിലും മത്സരിക്കും. വെപ്പ് ബി ഗ്രേഡിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ് പി.ജി.കരിപ്പുഴയിലും വൈശ്യംഭാഗം വിബിസി ബോട്ട് ക്ലബ് പുന്നത്ര പുരയ്ക്കലിലും കൊടുപ്പുന്ന ബോട്ട് ക്ലബ് തോട്ടുകടവനിലും മത്സരിക്കും. ചുണ്ടൻ വള്ളങ്ങളുടെ മത്സരം 3 ഹീറ്റ്സിലായി നടക്കും. ആദ്യത്തെ 2 ഹീറ്റ്സിൽ 2 വള്ളങ്ങൾ വീതവും 3–ാം ഹീറ്റ്സിൽ ഒരു വള്ളവും മത്സരിക്കും. 3 ഹീറ്റ്സിലെയും 1–ാം സ്ഥാനത്ത് എത്തുന്ന വള്ളങ്ങൾ ഫൈനലിൽ ഏറ്റുമുട്ടും. നറുക്കെടുപ്പിൽ എതിരാളികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ആയാപറമ്പ് വലിയ ദിവാൻജി ഫൈനലിലേക്കു നേരിട്ടു പ്രവേശിച്ചിട്ടുണ്ട്.
ക്യാപ്റ്റൻസ് ക്ലിനിക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളിയും ട്രാക്ക് ആൻഡ് ഹീറ്റ്സ് നെടുമുടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.നൗഫലും ഉദ്ഘാടനം ചെയ്തു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻനായർ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കടമാട്, സ്ഥിരസമിതി അധ്യക്ഷ സതിയമ്മ അരവിന്ദാക്ഷൻ, ജലോത്സവ സമിതി ഭാരവാഹികളായ തഹസിൽദാർ ആർ.ജയേഷ്, എം.എസ്.ശ്രീകാന്ത്, എ.വി.മുരളി, കെ.ജി.അരുൺകുമാർ, അജിത്ത് പിഷാരത്ത്, അഗസ്റ്റിൻ ജോസ്, ജോപ്പൻ ജോയി വാരിക്കാട് എന്നിവർ പ്രസംഗിച്ചു.
ട്രാക്കും ഹീറ്റ്സും
ചുണ്ടൻ പ്രാഥമിക മത്സരം
ഒന്നാം ഹീറ്റ്സ് : ട്രാക്ക് 2 നടുഭാഗം, ട്രാക്ക് 3 ചെറുതന പുത്തൻചുണ്ടൻ.
രണ്ടാം ഹീറ്റ്സ് : ട്രാക്ക് 1 ആയാപറമ്പ് പാണ്ടി, ട്രാക്ക് 2 ചമ്പക്കുളം.
മൂന്നാം ഹീറ്റ്സ് : ട്രാക്ക് 3 ആയാപറമ്പ് വലിയ ദിവാൻജി.
ചുണ്ടൻ ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 2 : ഒന്നാം ഹീറ്റ്സിലെ രണ്ടാമൻ.
ട്രാക്ക് 3 : രണ്ടാം ഹീറ്റ്സിലെ രണ്ടാമൻ.
ചുണ്ടൻ ഫൈനൽ
ട്രാക്ക് 1 : രണ്ടാം ഹീറ്റ്സിലെ ഒന്നാമൻ.
ട്രാക്ക് 2 : മൂന്നാം ഹീറ്റ്സിലെ ഒന്നാമൻ.
ട്രാക്ക് 3 : ഒന്നാം ഹീറ്റ്സിലെ ഒന്നാമൻ.
വെപ്പ് എ ഗ്രേഡ് ഫൈനൽ
ട്രാക്ക് 1 : നവജ്യോതി
ട്രാക്ക് 2 : അമ്പലക്കടവൻ
ട്രാക്ക് 3 : മണലി
വെപ്പ് ബി ഗ്രേഡ് ഫൈനൽ
ട്രാക്ക് 1 : പി.ജി.കരിപ്പുഴ
ട്രാക്ക് 2 : ചിറമേൽ തോട്ടുകടവൻ
ട്രാക്ക് 3 : പുന്നത്ര പുരയ്ക്കൽ.