
മകളുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി: കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കൾക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പൊലീസ്. കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
കവടിയാറിലെ ദിയയുടെ സ്ഥാപനത്തില്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുന്‍പ് നല്കിയ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്. പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
പണംതട്ടിച്ച സംഭവത്തില്‍ മൂന്നു ജീവനക്കാരികള്‍ കുറ്റം സമ്മതിച്ച് എട്ടു ലക്ഷം രൂപ തിരിച്ചു നല്‍കിയിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. കേസ് കൊടുക്കരുതെന്നും ബാക്കി പണം തിരികെ നല്‍കാമെന്നും ജീവനക്കാരികളും ബന്ധുക്കളും അറിയിച്ചു. പിന്നീട് അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ കൃഷ്ണകുമാറും മകളും പരാതി നല്കി. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാരികളും പരാതി നല്‍കിയത്.
ഇരുവരും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം വാങ്ങിയെന്നാണ് ജീവനക്കാരികളുടെ പരാതിയില്‍ പറയുന്നത്. ദിയയുടെ വിശ്വസ്തരായിരുന്ന മൂന്നു ജീവനക്കാരികളാണ് പണം തട്ടിയെടുത്തതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.