ദുരന്ത പ്രതിരോധം: നൂതന സാങ്കേതികവിദ്യ ഉടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യയുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഇടുക്കി ഡിസാസ്റ്റർ റെസിലിയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (ഐഡ്രിസ്) എന്ന നൂതന മുൻകരുതൽ സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനം ഈ മാസം ആരംഭിക്കുമെന്ന് കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിമാലി, രാജാക്കാട് മേഖലകളിലാകും പദ്ധതിക്ക് ആദ്യം തുടക്കമാകുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സെൻസറുകൾ സ്ഥാപിക്കുന്ന സ്ഥലം, ജിഐഎസ് ലെയറുകൾ എന്നിവയുമായി ബന്ധപ്പെട്ട് പഞ്ചായത്തുതല പ്രവർത്തനങ്ങൾ പൂർത്തിയായി. ഐഡ്രിസ് സോഫ്റ്റ് വെയറിന്റെ വികസനവും ഫീൽഡ്തല പരിശോധനയും ഉടൻ ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.
നിരീക്ഷണ സംവിധാനത്തിൽ 46 ഉരുൾപൊട്ടൽ സെൻസറുകൾ (ഇൻക്ലിനോമീറ്ററുകൾ, പൈസോമീറ്ററുകൾ, മഴമാപിനികൾ, മണ്ണ് ഈർപ്പനില സെൻസറുകൾ), 48 നദീനിരപ്പു ഗേജുകൾ (പ്രധാനമായി തൊടുപുഴ, പമ്പ എന്നിവയുടെ 6 ഉപനദികൾ) എന്നിവയുണ്ടാകും. ഈ സെൻസറിൽ നിന്നുള്ള വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലെ ജിഐഎസ് പ്ലാറ്റ്ഫോമിലേക്ക് തത്സമയം എത്തും.
മണ്ണിടിച്ചിലും മണ്ണിന്റെ ഈർപ്പവുമായി ബന്ധപ്പെട്ട് മാപ്പുകൾ പരിശോധിച്ച ശേഷമേ റോഡുകളുടെ സ്ഥാനം തീരുമാനിക്കൂ. റെഡ്, ഓറഞ്ച് സോണുകളിൽ കെട്ടിടങ്ങൾ അനുവദിക്കില്ല. നദീനിരപ്പും പ്രളയ മാപ്പിങ്ങും അനുസരിച്ചാകും ചെക്ക് ഡാമുകൾ സ്ഥാപിക്കുക. പൊതുമരാമത്ത്, തദ്ദേശഭരണം, വനംവകുപ്പ്, റവന്യു, ജലസേചനം, കാർഷികം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികളിൽ ദുരന്ത നിവാരണം ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ, സ്കൂൾ ക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ ജീവനക്കാർ എന്നിവർക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുമെന്നും കലക്ടർ അറിയിച്ചു.
ഐഡ്രിസിന്റെ ലക്ഷ്യം
എഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉരുൾപൊട്ടൽ, പ്രളയം, കാട്ടുതീ, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകുക, ജിഐഎസ് അധിഷ്ഠിത റിസ്ക് മാപ്പിങ് വഴി യഥാസമയം ഡേറ്റ സംയോജിപ്പിച്ച് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആസൂത്രണം, ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് പ്രാദേശിക, ജില്ലാ തലങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പിന്തുണ, വന്യജീവി ആക്രമണം കുറയ്ക്കാനുള്ള സംയോജിത പദ്ധതി തയാറാക്കൽ, സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടങ്ങൾ കുറയ്ക്കൽ, വനജല വിനിമയം, മണ്ണിന്റെ ഘടനയും മഴയുടെ രീതിയും അനുസരിച്ചുള്ള കൃഷിയും വനപരിപാലനവും.