
വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്ക് വേണ്ടി 1677 – 1684 കാലത്ത് നിർമ്മിച്ചതാണ് നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന കോയിക്കൽ കൊട്ടാരം. ഇന്ന് നാടൻ കലാമ്യൂസിയം, പുരാതന നാണ്യശേഖര മ്യൂസിയം എന്നിവയ്ക്കു പ്രസിദ്ധമാണ് ഈ കൊട്ടാരം. കേരളത്തിന്റെ പൗരാണിക ചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണ് ഇവിടത്തെ പുരാവസ്തു ശേഖരം. രണ്ടു നിലകളുള്ള ഈ കൊട്ടാരത്തിന് വള്ളത്തിന്റെ ആകൃതിയിൽ വളഞ്ഞ മേൽക്കൂരയാണുള്ളത്.
1992-ലാണ് ഇവിടെ നാടൻകലാ മ്യൂസിയം ആരംഭിച്ചത്. കേരളത്തിൽ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, നാടൻകലകളുടെ മാതൃകകൾ, അവയുടെ വേഷവിധാനങ്ങളും ആഭരണങ്ങളുമെല്ലാം സന്ദർശകർക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചന്ദ്രവളയം എന്ന സംഗീത ഉപകരണം കേരളത്തിൽ ആകെ പ്രദർശിപ്പിച്ചിട്ടുള്ളത് ഇവിടെ മാത്രമാണ്. പണ്ടുകാലത്ത് രാമകഥാപ്പാട്ട് അവതരിപ്പിക്കുമ്പോൾ താളമിടാൻ ചന്ദ്രവളയമാണ് ഉപയോഗിച്ചിരുന്നത്. ഭഗവാൻ ശ്രീരാമന്റെ കഥ നാടൻപാട്ട് രൂപത്തിൽ ചൊല്ലി അവതരിപ്പിക്കുന്ന വാമൊഴി കലാരൂപമാണ് രാമകഥാപ്പാട്ട്.
തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന ആടയാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഇവിടെ പ്രദർശിനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. താളിയോലകളുടെ ശേഖരവും കേരളത്തിന്റെ പുരാതനവാണിജ്യ ബന്ധവും, തനതു നാണയവ്യവസ്ഥയുടെ ചരിത്രവും വ്യക്തമാക്കുന്ന, കേരളത്തിൽ നിന്നു ലഭിച്ച പുരാതന നാണയങ്ങളുടെ ശേഖരവും പ്രദർശനത്തിനുണ്ട്. ന്യൂമിസ്മാറ്റിക്സ് മ്യൂസിയത്തില്ലാണ് നാണയ ശേഖരം കാണാൻ കഴിയുക. കേരളത്തിന്റെ തന്നെ പഴയ നാണയങ്ങളായ ഒറ്റപുത്തൻ, ഇരട്ട പുത്തൻ, കലിയുഗരായൻ പണം എന്നിവയും ഇവിടെയുണ്ട്. യേശു ക്രിസ്തുവിന് സമ്മാനിക്കപ്പെട്ടു എന്നു പ്രസിദ്ധമായ (ബൈബിളിൽ വിവരിച്ചിട്ടുള്ള) അമൈദ എന്ന നാണയവും ഈ ശേഖരത്തിലുണ്ട്.
2500 വർഷം പഴക്കമുള്ള ഹർഷന്റെ കാലത്തെ നാണയങ്ങൾ, രാശി (ലോകത്തെ ഏറ്റവും ചെറിയ നാണയം), റോമാ സാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന നാണയങ്ങൾ, ഇന്ത്യയിൽ മറ്റു രാജവംശങ്ങളും ലോകമാകെയുള്ള പഴയ രാജഭരണകൂടങ്ങളും ഉപയോഗിച്ചതും ആയ നാണയങ്ങൾ മ്യൂസിയത്തിൽ കാണാം. ഇവയെല്ലാം കേരളത്തിൽ നിന്നു ലഭിച്ചവയാണ്. കേരളത്തിന്റെ പുരാതനകാലത്തെ വാണിജ്യവ്യാപ്തി സൂചിപ്പിക്കുന്നവയാണിവയെല്ലാം. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശക സമയം. തിങ്കളാഴ്ച അവധിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]