കെഎഫ്ഡിസി ഓഫിസ് ആക്രമണ കേസ്; 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
കൊച്ചി ∙ വയനാട് കമ്പമലയിലുള്ള കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി) ഓഫീസ് ആക്രമണ കേസിൽ 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സി.പി.മൊയ്തീൻ, മനോജ് പി.എം, പി.കെ.സോമൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം, യുഎപിഎ എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
2023 സെപ്റ്റംബർ 28 നായിരുന്നു വയനാട് കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചത്.
Also Read
അഞ്ച് മാവോയിസ്റ്റുകളായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. മാരകായുധങ്ങളുമായി കെഎഫ്ഡിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ സംഘം മാനേജരെ തടഞ്ഞുവയ്ക്കുകയും ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് ഉപകരണങ്ങളടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികൾ മുദ്രാവാക്യം മുഴക്കുകയും മാവോയിസ്റ്റ് അനുകൂലമായ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. നാലുപേരെ പിന്നീട് അറസ്റ്റ് ചെയ്തു.
ഒരാൾ പൊലീസിൽ കീഴടങ്ങി.
Also Read
സി.പി.മൊയ്തീൻ, പി.എം.മനോജ്, പി.കെ.സോമൻ എന്നിവർ സിപിഐ (മാവോയിസ്റ്റ്) പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിൽ എച്ച്.എസ്.രവീന്ദ്ര, എ.സന്തോഷ് കുമാർ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നവരാണെന്ന് പിന്നീട് കണ്ടെത്തിയെന്ന് എൻഐഎ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇവർ വയനാടൻ കാടുകളിൽ കബനീദളം എന്ന പേരിൽ പ്രാദേശിക ഗറില്ലാ സംഘം രൂപീകരിച്ചെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനായി പ്രവർത്തിച്ചു എന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഇവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു എന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

