
രാജന് ഉമ്മയും മുണ്ടും,; സിഎമ്മിനും വാസവനും പൂച്ചെണ്ട്…,കലക്ടർക്ക് ഓൾ എ പ്ലസ്: ‘പിശുക്കാതെ’ സുരേഷ് ഗോപി
തൃശൂർ ∙ പൂരം നടത്തിപ്പിന് ഓടിനടന്ന മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രിക്കുള്ള സമ്മാനമായ മുണ്ട് കലക്ടർ അർജുൻ പാണ്ഡ്യനെ ഏൽപിച്ച സുരേഷ് ഗോപി കൃത്യമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വാസവനെയും അഭിനന്ദിക്കാൻ മടിച്ചില്ല.
പൂരം ഭംഗിയായി നടത്തുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും പൂരപ്പറമ്പ് മണിക്കൂറുകൾ കൊണ്ടു വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ ആദരിക്കാനുമായി സംഘടിപ്പിച്ച ‘ശുചിത്വ പൂരം’ പരിപാടിയിലാണ് അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രകീർത്തിച്ചത്. കെ.രാജൻ ഒരു ഗാലറിയിലും പോയി ഇരുന്നില്ല, ഓടി നടന്നു പ്രവർത്തിക്കുകയായിരുന്നു. താൻ അവതരിപ്പിച്ചിരുന്ന ടെലിവിഷൻ പരിപാടിയിൽ പറഞ്ഞിരുന്നതുപോലെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണ്. കഴിഞ്ഞ വർഷത്തെ ചതിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണത്തേത് ഞങ്ങൾ അവതരിപ്പിക്കുന്ന പൂരം ആയിരിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു പൊലീസ് സേന എന്നും സുരേഷ് ഗോപി പറഞ്ഞു.
മന്ത്രി കെ.രാജന് സന്തോഷസൂചകമായി നൽകിയ മുണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കലക്ടർ അർജുൻ പാണ്ഡ്യനെ ഏൽപ്പിക്കുന്നു.
കലക്ടർക്ക് ഓൾ എ പ്ലസ്
തൃശൂർ ∙ ‘‘ചിന്നപ്പയ്യൻ, റൊമ്പ പ്രമാദമാ സെയ്തിര്ക്ക്’’– കലക്ടർ അർജുൻ പാണ്ഡ്യനെ നോക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതു പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി. പൂരം നടത്തിപ്പിന് വിവിധ വകുപ്പുകളെ കലക്ടർ ഭംഗിയായി ഏകോപിപ്പിച്ചതിനെപ്പറ്റി പറഞ്ഞതിനൊടുവിലാണ് സുരേഷ് ഗോപി ഇടുക്കിക്കാരനായ കലക്ടറെ തമിഴിൽ അഭിനന്ദിച്ചത്.
വടക്കുന്നാഥന്റെ മസിൽ പവറിലാണ് പൂരം വെടിക്കെട്ട് നടക്കുന്നത് എന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും കോടതികളെയും ബോധ്യപ്പെടുത്താനായി ഇത്തവണത്തെ പൂരത്തിന് എന്നും സുരേഷ് ഗോപി പറഞ്ഞു. സഹോദരതുല്യനായ മന്ത്രി കെ.രാജനു നൽകാനായി താൻ കൊണ്ടുവന്ന മുണ്ട് കലക്ടർ അർജുൻ പാണ്ഡ്യനെ ഏൽപ്പിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
നഗരത്തെ ഇത്തരത്തിൽ നിലനിർത്തുന്നതു ശുചീകരണ തൊഴിലാളികളാണെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. എല്ലാ വിഭാഗത്തിലും പെട്ട
ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പൂരം ദിവസം വലിയ പ്രശ്നമാകുമായിരുന്ന സംഭവത്തെ ഭംഗിയായി കൈകാര്യം ചെയ്ത ആന ചികിത്സാ വിദഗ്ധൻ ഡോ.പി.ബി.ഗിരിദാസനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ഇടഞ്ഞ ആനയെ പൊതുജനശ്രദ്ധ വരാതെ മയക്കുവെടി വച്ച് സ്ഥലത്തു നിന്ന് മാറ്റിയ സംഭവത്തെ ഓർമിച്ചാണ് കേന്ദ്രമന്ത്രി ഇതു പറഞ്ഞത്.
കമ്മിഷണർ ആർ.ഇളങ്കോ, ഡിഎംഒ ഡോ.ടി.പി.ശ്രീദേവി, വാട്ടർ അതോറിറ്റി എൻജിനീയർ രേഖ പി.നായർ, ഡോ.പി.ബി.ഗിരിദാസൻ, ഡോ.അജിത് ബാബു, എസിപി സലീഷ് എൻ.ശങ്കരൻ, കോർപറേഷൻ സെക്രട്ടറി വി.പി.ഷിബു, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവർ ആദരം ഏറ്റുവാങ്ങി.
കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]